Monday, April 29, 2024
keralaNews

അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.

കൊച്ചി: അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. നാളെ മറ്റൊരു ബെഞ്ച് ഹര്‍ജി പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കരുതെന്ന് നടി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നു. കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് പിന്മാറുന്നതായി ജഡ്ജി അറിയിച്ചത്.ഉന്നത സ്വാധീനം ഉപയോഗിച്ച് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ പേരില്‍ കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുറ്റവാളികളെ രക്ഷിക്കാനുള്ള നിക്ഷിപ്ത താത്പര്യമാണ് വിചാരണക്കോടതി ജഡ്ജിയുടേതെന്ന് സംശയിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു.