Monday, May 6, 2024
keralaNews

അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പി സി ജോര്‍ജ്ജിന് തുറന്ന കത്ത് എഴുതി.

പ്രിയപ്പെട്ട ശ്രീ പി സി ജോര്‍ജ്,
ഈ നിയമസഭ തെരഞ്ഞെടുപ്പ് വേള രാഷ്ട്രീയ-വികസന സംവാദത്തിനുള്ള വേദിയായി മാറണം എന്നുള്ളതാണ് പൂഞ്ഞാര്‍ മണ്ഡലത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ, സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പൂഞ്ഞാറിലെ സമഗ്രവികസനത്തിനുതകുന്ന രീതിയിളുള്ള ചര്‍ച്ചകള്‍ നടത്തിയും മണ്ഡലത്തിലെ വികസനരാഹിത്യത്തിന്റെ തീവ്രത ജനങ്ങളെ ബോധ്യപ്പെടുത്തിയുമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചാരണം ആരംഭിച്ചത്. ആരോഗ്യകരമായ ഈ സംവാദത്തില്‍ ഉത്തരമില്ലാതെ പോയ താങ്കള്‍ തീര്‍ത്തും അടിസ്ഥാനരഹിതമായ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ട്, വികസനസംവാദത്തെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചുരുക്കുകയാണ് ചെയ്തത്.
പൂഞ്ഞാറിലെ മാലിന്യപ്രശ്‌നം, കുടിവെള്ളക്ഷാമം, വാഗമണ്‍ റോഡിന്റെ ശോചനീയാവസ്ഥ, മിനി സിവില്‍ സ്റ്റേഷനും താലൂക്ക് ആശുപത്രിയും ഇല്ലാത്ത എക നിയോജകമണ്ഡലം എന്ന ദുഷ്‌പേര്, തുടങ്ങി വ്യത്യസ്തമായ വിഷയങ്ങള്‍ ഞാന്‍ ഉന്നയിച്ചു. കൂടാതെ കഴിഞ്ഞതവണ താങ്കള്‍ പുറത്തിറക്കിയ പ്രകടനപത്രികയിലെ ഒരുകാര്യംപോലും നടപ്പിലാക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള അനൗചിത്യവും ചൂണ്ടികാട്ടി.കഴിഞ്ഞ ചില പതിറ്റാണ്ടുകളായി ജനപ്രതിനിധിയായിരുന്ന അങ്ങേയ്ക്ക് വികസനകാര്യത്തില്‍ യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്നുള്ളത് നഗ്‌നമായ സത്യമാണ്. പകരം, എല്ലാകാലത്തും വിവാദങ്ങളുടെയും അനാരോഗ്യകരമായ ചര്‍ച്ചകളുടെയും ഭാഗമാവുന്നതില്‍ മാത്രമായിരുന്നു താങ്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യക്തിപരമായി താങ്കള്‍ എന്നെ പലിശക്കാരനെന്ന് അധിക്ഷേപിക്കുകയും 200ലധികം ചെക്ക് കേസില്‍ വാദിയാണെന്നും പറയുകയുണ്ടായി. പൊതുയോഗങ്ങളിലും സ്വീകരണ സ്ഥലങ്ങളിലും ജനമെത്താതിരുന്നതോടെ തിരക്കഥക്കനുസരിച്ച് ഈരാറ്റുപേട്ടയില്‍ കൂവലും പാറത്തോട്ടില്‍ അക്രമവുമെന്നും പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചു. മതമൈത്രിയോടെ കഴിയുന്ന ജനതയെ തമ്മില്‍ തല്ലിച്ച് വോട്ട് നേടുവാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. ആദരണനീയനായ വികാരിയച്ഛന്‍ പള്ളിയില്‍നിന്നും എന്നെ ഇറക്കി വിട്ടെന്ന് പറഞ്ഞ് വിശ്വാസ സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. അച്ഛനും പള്ളിക്കമ്മിറ്റിയും അത് വാസ്തവ വിരുദ്ധമാണെന്ന് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്തവിധം പറഞ്ഞതോടെ ആ നുണയും പൊളിഞ്ഞു.

താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഇതില്‍ ഒന്നെങ്കിലും സത്യമാണെന്ന് തെളിയിക്കുവാന്‍ ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു:
1. ഞാന്‍ പലിശക്ക് പണം കൊടുത്തു എന്ന ആരോപണം രേഖാമൂലം തെളിയിക്കുവാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. തെളിയിക്കുന്നപക്ഷം, ഞാന്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നു. അല്ലാത്തപക്ഷം, അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് പൊതുസമൂഹത്തോട് മാപ്പ് പറയുവാണെങ്കിലും താങ്കള്‍ തയ്യാറാവണം.
2. 2000 രൂപ കൊടുത്ത് 8000 മേടിച്ചു എന്ന് പറയുന്ന 80 വയസ്സ്‌കാരി അമ്മയെ പൊതു സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തണം. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് മണ്ഡലത്തിലെ ജനങ്ങളുടെ സാമാന്യയുക്തിയെ ചോദ്യം ചെയ്യാതിരിക്കുവാനുള്ള മാന്യതയെങ്കിലും പ്രകടിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
3. ഞാന്‍ വാദിയായ ഒരു ചെക്ക് കേസെങ്കിലും കോടതിയിലുണ്ടെന്ന് തെളിയിക്കണം. ഇതിനു തയ്യാറാകാത്തപക്ഷം, താങ്കള്‍ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുന്നതായിരിക്കും എന്നറിയിക്കുന്നു.
ദുര്‍ഗന്ധം വമിപ്പിക്കുന്ന താങ്കളുടെ ചരിത്രം മറച്ചുവെച്ച്, മാന്യമായ പൊതുജീവിതം നയിക്കുന്ന എനിക്കെതിരെ മേല്‍പറഞ്ഞവപോലെയുള്ള അസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന താങ്കള്‍, താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു:
1. പി സി ജോര്‍ജിന്റെ പിതാവ് പ്ലാത്തോട്ടത്തില്‍ ചാക്കോ മത്തായിയുടെ ജെ.സി ബാങ്കേഴ്‌സ് എന്ന സ്ഥാപനം നാട്ടുകാരുടെ പണം തിരികെ നല്‍കാതെ ജനങ്ങളെ വഞ്ചിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഈ നാട്ടിലെ പാവപെട്ട ജനങ്ങള്‍ താങ്കളുടെ പിതാവിന് നേരെ ഫയല്‍ ചെയ്ത കേസുകളുടെ ജാള്യത മറച്ചുവെക്കുവാനാണോ താങ്കള്‍ എനിക്കുനേരെ സമാന ആരോപണം ഉന്നയിച്ചത്? നാട്ടുകാരുടെ പണം തിരികെ നല്‍കാതിരിക്കുവാന്‍ താങ്കളുടെ പിതാവ് കോടതിയില്‍ പാപ്പര്‍ ഹര്‍ജി കൊടുത്ത് പാപ്പരായി പ്രഖ്യാപിക്കപ്പെട്ടയാളാണെന്ന് താങ്കള്‍ക്ക് നിഷേധിക്കുവാന്‍ കഴിയുമോ?
2. മാലം സുരേഷ് എന്ന ക്രിമിനല്‍കേസ് പ്രതിക്കുവേണ്ടി ഗവ. ചീഫ് വിപ്പിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ശിപാര്‍ശ അയച്ചത് ഏത് താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ്?
3. മുന്‍ ഐഎസ്ആര്‍ഓ ശാസ്ത്രജ്ഞന്‍ ശ്രീ. നമ്പി നാരായണനെ താങ്കള്‍ സഹായിച്ചു എന്ന് ഇല്ലാ കഥ ചാനലില്‍ വന്നിരുന്ന് ഉളുപ്പില്ലാതെ പറഞ്ഞു തീരുന്നതിനു മുമ്പേ തന്നെ, അതേ ചര്‍ച്ചയില്‍ അദ്ദേഹമത് കള്ളമാണെന്ന് പറയുകയും ചെയ്തത് കേരളം മറന്നിട്ടില്ല. ഒരു സങ്കോചവുംകൂടാതെ പച്ചനുണകള്‍ പറയുകയും ഗീര്‍വാണങ്ങള്‍ മുഴക്കുകയും ചെയ്യുന്ന താങ്കളുടെ സ്ഥിരം ശൈലി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?
4. നിയമസഭ എത്തിക്‌സ് കമ്മിറ്റി രണ്ട് തവണ അച്ചടക്കനടപടി സ്വീകരിച്ച കേരളത്തിലെ ഏക എംഎല്‍എയാണ് താങ്കള്‍. ഇതുപോലെയുള്ള ദുഷ്‌പേരുകള്‍ പൂഞ്ഞാറിനു ചാര്‍ത്തുന്നതിലൂടെ പൂഞ്ഞാറിലെ ജനങ്ങള്‍ക്കുണ്ടാവുന്ന അപമാനം താങ്കളെ ഒട്ടും അലോസരപ്പെടുത്താത്തത് എന്ത്‌കൊണ്ടാണ്?
5. ചെമ്മലമറ്റം സ്‌കൂളിലെ അദ്ധ്യാപക നിയമനത്തില്‍ അഴിമതി നടത്തിയതിന് അഴിമതി നിരോധന കമ്മീഷന്‍ ശിക്ഷിച്ച വ്യക്തിയാണ് താങ്കള്‍. ഇത് മറച്ചുവെച്ച്‌കൊണ്ട് അഴിമതിക്കെതിരെ പോരാടുന്ന നേരിന്റെ അപ്പോസ്‌തോലനെന്നു ചമയുന്ന താങ്കളെപോലെയുള്ള കപടന്മാരെ വെള്ളതേച്ച ശവക്കല്ലറകളോടല്ലേ ഉപമിക്കേണ്ടത്?
6. എംഎല്‍എ ഹോസ്റ്റലില്‍ ആഹാരമെത്തിച്ച സപ്ലയറെ ഒരു ജനപ്രതിധിയായ താങ്കള്‍ തടഞ്ഞു വെച്ച് ക്രൂരമായി മര്‍ദിച്ചത് അതീവ ഞെട്ടലാണ് കേരളമനസാക്ഷിക്ക് സമ്മാനിച്ചത്. ഒരു നേരത്തെ അന്നത്തിനുവേണ്ടി രാപ്പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇതുപോലെയുള്ള പാവങ്ങളോട് മാടമ്പിയെ പോലെ പെരുമാറുവാനും തല്ലിച്ചതക്കുവാനും ആരാണ് താങ്കള്‍ക്ക് അനുവാദം തന്നത്?
7. മുണ്ടക്കയം വെള്ളനാടിയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കുനേരെ തോക്ക് ചൂണ്ടുകയും ആസിഡ് ഒഴിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തത് എസ്റ്റേറ്റ് മുതലാളിയുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നില്ലേ ?
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്നപക്ഷം രേഖാമൂലമായ തെളിവുകള്‍ പൊതുസമക്ഷം സമര്‍പ്പിക്കുന്നതാണെന്ന്കൂടി ഓര്മിപ്പിക്കുന്നു.
ശ്രീ.പി സി ജോര്‍ജ്, എന്റെ എതിര്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ ചില കാര്യങ്ങള്‍ താങ്കളോട് പറഞ്ഞുകൊള്ളട്ടെ. നാല് വോട്ടിനു വേണ്ടി പൂഞ്ഞാറിലെ ജനതയുടെ മുന്നില്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങരുത്. മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും നല്ല മനസ്സുള്ള ഈ ജനത അതെതിര്‍ത്തു തോല്‍പ്പിക്കും. തെരഞ്ഞെടുപ്പ് ജയപരാജയങ്ങള്‍ക്കപ്പുറം ഈ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കുവാന്‍ ജീവന്‍ കൊടുത്തും ഞാന്‍ മുന്നിലുണ്ടാകും. പരാജയഭീതിയില്‍ വിറളിപൂണ്ട് കുപ്രചാരണങ്ങള്‍ ഇനിയുമധികം അഴിച്ചുവിട്ടാലും, മാന്യതക്കുനിരക്കാത്ത അസത്യങ്ങള്‍ ഇനിയുമേറെ നേരിടേണ്ടി വന്നാലും, ഒരു പടി കൂടെ കടന്നു എന്നെ കായികമായി ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചാലും, പൂഞ്ഞാര്‍ ജനതയുടെ വികസന ആവശ്യങ്ങള്‍ നടപ്പിലാക്കുവാനും, ഈ ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനും ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഞാന്‍ മുന്‍പില്‍ തന്നെയുണ്ടാവും.ആട്ടിന്‍തോലിട്ട ചെന്നായയെപ്പോലെ ഈ നാട്ടിലെ പാവം ജനങ്ങളെ ഇനിയും വഞ്ചിക്കുവാന്‍ അനുവദിച്ചുതരില്ല എന്ന് ഓര്‍ത്താല്‍ നല്ലത്.

എന്ന് സ്വന്തം
അഡ്വ:സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍