Monday, April 29, 2024
keralaNewspolitics

മാധ്യമങ്ങള്‍ സര്‍ക്കാരിനോടുള്ള ബാധ്യത നിറവേറ്റുന്നതാണ് അഭിപ്രായസര്‍വ്വേ : കെസി ജോസഫ് എംഎല്‍എ

 സർക്കാറിനോടുള്ള ബാധ്യത നിറവേറ്റുന്ന നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട സർവ്വേകളെന്ന് ഇരിക്കൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ സി.ജോസഫ്. കോവിഡ് മൂലം ഒന്നര വർഷത്തോളം ബുദ്ധിമുട്ടിയപ്പോൾ സർക്കാറിൻ്റെ പരസ്യങ്ങൾ മാധ്യമങ്ങൾക്ക്  ആശ്വാസമായിരുന്നു. അതിനുള്ള  പ്രതിഫലമാണ് ചാനൽ സർവേയെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ തിടനാട് പഞ്ചായത്തിലെ പര്യടനം കുരിശിങ്കലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർവ്വേകളൊന്നും ജനങ്ങളുടെ വികാരത്തിൻ്റെ പ്രതിഫലനമല്ല. യുഡിഎഫിലാണ് ജനങ്ങൾക്ക് വിശ്വാസം. കൊച്ചി മെട്രോയടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയത് യുഡിഎഫിൻ്റെ കാലത്താണ്.
ഏറ്റെടുക്കുന്ന ഏതു പ്രവർത്തനവും വിജയിപ്പിച്ച പാരമ്പര്യമുള്ള വലിയ ആത്മാർത്ഥതയുള്ള നേതാവാണ് അഡ്വ.ടോമി കല്ലാനി. മലയോര മേഖലയിലെ എല്ലാ ബുദ്ധിമുട്ടുകളെയും നേരിട്ടറിയുന്ന നേതാവാണ് ടോമിയെന്നും അദ്ദേഹം പറഞ്ഞു.
ഇവിടത്തെ എംഎൽഎ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. പൂഞ്ഞാറിൻ്റെ എംഎൽഎ ക്യത്യമായ നിലപാടുള്ളവനാകണം.നിയമസഭയിൽ അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന പ്രതിനിധിയെ നമുക്കാവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതങ്ങളുടെ അഞ്ചു വർഷം ആവർത്തിക്കരുത്.
കഴിഞ്ഞ അഞ്ചു വർഷം അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ദിവസവും വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതായിരുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസ് സംശയനിഴലിലാണ്.നിയമസഭ സ്പീക്കർക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. ഇതൊക്കെ കേരളത്തിന് അപമാനമാണ്. മടിയിൽ കനമില്ലാത്തവർ എന്തിനാണ് അന്വേഷണത്തെ അട്ടിമറിക്കുന്നത് എന്തിനാണെന്നും അദ്ദേഹം തുറന്നടിച്ചു.രോഗികൾക്ക് ആശ്വാസമായി  ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന കാരുണ്യ പദ്ധതി അട്ടിമറിച്ച സർക്കാറാണിത്.അഞ്ചു വർഷമായിട്ടും സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാബു പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. ജോമോൻ ഐക്കര, സുരേഷ് കാലായിൽ, സുജ ബാബു, മജു പുളിക്കൻ,തോമസ്കുട്ടി മൂന്നാലംപള്ളി,മറിയാമ്മ എന്നിവർ പ്രസംഗിച്ചു.