Monday, April 29, 2024
keralaLocal NewsNews

അടിസ്ഥാന സൗകര്യങ്ങളില്ല ;എരുമേലി  തെക്ക്  വില്ലേജ് ഓഫീസ് ചേനപ്പാടിയിലേക്ക്  മാറ്റാൻ  നീക്കം .

എരുമേലി : പ്രവർത്തന യോഗ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കഴിഞ്ഞ 35 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന എരുമേലി  തെക്ക്  വില്ലേജ് ഓഫീസ് ചേനപ്പാടിയിലേക്ക്  മാറ്റാൻ  നീക്കം.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള റവന്യൂ വകുപ്പിന്റെ ക്രമീകരണങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലുള്ള വില്ലേജ് ഓഫീസ് 1985 ൽ ചേനപ്പാടിയിൽ  നിന്നും എരുമേലിയിലേക്ക്  മാറ്റിയിരുന്നത്.
എന്നാൽ സ്വന്തം ഓഫീസ് ഇല്ലാത്തതിന്റെ പേരിൽ ഏറ്റവും മോശവും – ദുരിതപൂർവ്വവുമായ പഞ്ചായത്തിന്റെ ഇരുനില കെട്ടിടത്തിന്റെ രണ്ടാം  നിലയിലാണ്  എരുമേലി  തെക്ക്  വില്ലേജ് ഓഫീസ്  പ്രവർത്തിക്കുന്നത് .
സർക്കാർ ഓഫീസുകൾ  സ്മാർട്ട്  ഡിജിറ്റലൈസേഷൻ ആക്കുന്നതിന്റെ ഭാഗമായി റവന്യൂ വകുപ്പ് എരുമേലി തെക്ക് വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങളായി .എന്നാൽ ഫണ്ട് വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഭൂമിയുള്ള ചേനപ്പാടിയിൽ പുതിയ കെട്ടിടം നിർമ്മിച്ച്  ഓഫീസ് മാറ്റാൻ നീക്കം നടക്കുന്നത്.
എന്നാൽ എരുമേലിയിൽ അഞ്ച് ഏക്കറിലധികം സ്ഥലം റവന്യൂ ,പഞ്ചായത്ത് വക സ്ഥലം സ്വകാര്യ വ്യക്തികൾ കയ്യേറിയ സ്ഥലം  ഉള്ളപ്പോഴാണ് സ്ഥലമില്ലാത്തതിന്റെ പേരിൽ വില്ലേജ് ഓഫീസ് എരുമേലിയിൽ നിന്നും മാറ്റാൻ പോകുന്നത്.എരുമേലി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലമെടുത്ത്  വില്ലേജ് ഓഫീസ് എരുമേലിയിൽ തന്നെ നിലനിർത്തണമെന്നാവശ്യം  ശക്തമാകുകയാണ്.എന്നാൽ കഴിഞ്ഞ പഞ്ചായത്ത് എൽഡിഎഫ് ഭരണ സമിതി പുറംമ്പോക്ക് ഭൂമി ഏറ്റെടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെനും അധികൃതർ തന്നെ പറയുന്നു .ഇതിനിടെ എരുമേലി വില്ലേജ് ഓഫീസ് മാറ്റാനുള്ള നീക്കം വ്യാപകമായ പ്രതിഷേധത്തിന് വഴിതെളിക്കുമെന്നും ഇത് രാഷ്ട്രീയ പാർട്ടികൾക്ക്  പ്രചരണ ആയുധമാകുമെന്നും തീർച്ചയാണ്.മുമ്പ് എരുമേലി സബ് രജിസ്ട്രാർ  ഓഫീസ് കൂവപ്പള്ളിയിലേക്ക് മാറ്റാനുള്ള നീക്കവും ജനകീയ പ്രതിഷേധത്തെ  തുടർന്ന് തടയുകയായിരുന്നു .