Friday, May 3, 2024
keralaNewsObituary

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു.

എറണാകുളം അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാല്‍പ്പത് വയസുകാരിയാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതി കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാര്‍ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.