Monday, May 13, 2024
keralaNews

സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചു : പ്രഥമാധ്യാപകരടക്കം മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം: കുറുവയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ നല്‍കിയ അരി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരെ കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. കുറുവ എ.യു.പി. സ്‌കൂളിലെ കുട്ടികള്‍ക്കു നല്‍കാനുള്ള ഉച്ചഭക്ഷണത്തിന്റെ അരിയാണ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.പ്രഥമാധ്യാപകന്‍ വേങ്ങശ്ശേരി മഹബൂബ്, ഭക്ഷണച്ചുമതലയുള്ള അധ്യാപകന്‍ അഷറഫ് മുല്ലപള്ളി, വാഹന ഡ്രൈവര്‍ കാച്ചിനിക്കാട് സ്വദേശി കരുവള്ളി സക്കീര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂളില്‍നിന്ന് ഗുഡ്സ് ഓട്ടോയില്‍ പത്തിലേറെ ചാക്ക് അരി മക്കരപ്പറമ്പിലെ മൊത്തവില്‍പ്പനക്കടയില്‍ എത്തിച്ച് മാറ്റുന്നതിനിടെ വാഹനം പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.കൊളത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ അംഗം വി. രമേശന്‍, എ.ഇ.ഒ. മിനി ജയന്‍, ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള ഓഫീസര്‍മാരായ ജയരാജന്‍, സംഗീത എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി.