Tuesday, May 7, 2024
keralaNews

സില്‍വര്‍ലൈന്‍ പദ്ധതി : 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ്.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് 13,265 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ്. 1730 കോടി രൂപ പുനരധിവാസത്തിനു നല്‍കും. 4460 കോടി രൂപ വീടുകള്‍ക്കായി മാറ്റിവയ്ക്കും. പദ്ധതി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പാക്കേജ് പ്രഖ്യാപിച്ചത്.പദ്ധതിക്കായി 2 കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കും. 3 കൊല്ലം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. നിര്‍മാണ ഘട്ടത്തില്‍ 50,000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയായാല്‍ 11,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. ഭൂമിയോ കിടപ്പാടമോ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാരിസ്ഥിതിക, സാമൂഹിക ആഘാതം സംബന്ധിച്ച് പഠനം നടത്താന്‍ ആദ്യം അലൈന്‍മെന്റ് നിശ്ചയിക്കണം. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഭൂമിക്കു ന്യായമായ നഷ്ടപരിഹാരവും ജനങ്ങള്‍ക്കു പുനരധിവാസവും ഉറപ്പാക്കും. പാത വരുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തിന്റെ കൃത്യമായ കണക്കെടുക്കും. കുറഞ്ഞ ആഘാതം ഉണ്ടാകുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കും. ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരമായി നല്‍കും.സില്‍വര്‍ലൈന്‍ പാത വന്നാല്‍ പരിസ്ഥിതിക്കു ദോഷം വരുമെന്ന് ചിലര്‍ നേരത്തേ പ്രഖ്യാപിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഗതാഗതം റെയില്‍ ആണ്. പരിസ്ഥിതി ലോലപ്രദേശത്തിലൂടെയും വന്യമൃഗ സങ്കേതത്തിലൂടെയും പാത കടന്നു പോകുന്നില്ല. നദികള്‍, ജലസ്രോതസുകള്‍, നെല്‍പാടങ്ങള്‍, തണ്ണീര്‍ പാടം എന്നിവയെ പദ്ധതി ബാധിക്കില്ല.ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ 88 കിലോമീറ്റര്‍ തൂണുകളിലൂടെയാണ് പാത കടന്നുപോകുന്നത്. സില്‍വര്‍ലൈന്‍ വന്നാല്‍ പരിസ്ഥിതിക്കു നേട്ടമുണ്ടാകും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയും. പൂര്‍ണമായും പരിസ്ഥിതി സൗഹൃദ മാതൃകിലാണ് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കുന്നത്. പാതയില്‍ 500 മീറ്റര്‍ ഇടവേളകളില്‍ മേല്‍പാലവും അടിപ്പാതയും ഉണ്ടാകും. കേരളത്തെ പാത രണ്ടായി വേര്‍തിരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.വികസന പദ്ധതിക്കായി ജനങ്ങളെ ഉപദ്രവിക്കലല്ല നയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തെ ആദ്യഘട്ടത്തില്‍ എതിര്‍ത്തവര്‍ പിന്നീട് അനുകൂലിച്ചു. നാടിന്റെ പശ്ചാത്തല സൗകര്യം വികസിക്കണം. നാടിന്റെ താല്‍പര്യത്തിനു വിരുദ്ധമായി വരുന്നവര്‍ക്കു വഴങ്ങിയാല്‍ അത് നാടിനു ദോഷമാണ്. അത്തരക്കാരുടെ എതിര്‍പ്പിനു മുന്നില്‍ വഴങ്ങുന്നത് സര്‍ക്കാരിന്റെ ധര്‍മമല്ല. ആ സമീപനം ജനം അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.