Tuesday, May 7, 2024
keralaNews

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സ്വര്‍ണകടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്.ആദ്യ സസ്‌പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് അവസാനിച്ചത്. ഇതിനു മുന്‍പായി പുതിയ കാരണം ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ 6 മാസത്തേക്കു നീട്ടുകയായിരുന്നു. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്.ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ കുറ്റവിമുക്തനാകുന്നതു വരെ പുറത്തുനിര്‍ത്താന്‍ കഴിയുന്ന ഓള്‍ ഇന്ത്യ സര്‍വീസസ് അച്ചടക്കവും അപ്പീലും ചട്ടം 3 (3) അനുസരിച്ചായിരുന്നു നടപടി. സസ്‌പെന്‍ഡ് ചെയ്ത വിവരം കേന്ദ്രത്തെ അറിയിച്ചിരുന്നു.