Monday, May 6, 2024
keralaNews

സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശനം…

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയ കേരളത്തിന്റെ നടപടിക്കെതിരെ സുപ്രീം കോടതി.ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്. ഇപ്പോഴത്തെ ഇളവുകള്‍ സ്ഥിതി ഗുരുതരമാക്കിയാല്‍ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദിവസത്തെ ഇളവുകള്‍ ഇന്ന് തീരുന്ന സ്ഥിതിക്ക് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ ഈ ഹര്‍ജി വന്നിരുന്നെങ്കില്‍ അത് ചെയ്‌തേനേയെന്നും വ്യക്തമാക്കിയ കോടതി ഹര്‍ജി തീര്‍പ്പാക്കി. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാന്‍, ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് കേസുകള്‍ കൂടുതലെന്ന് കേരളം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എന്നിട്ടും ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും കേരളം രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. വ്യാപാരികളുടെ സമ്മര്‍ദഫലമായാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയതെന്ന് കേരളം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.കൊവിഡ് കേസുകള്‍ കൃത്യമായി നിരീക്ഷിച്ചാണ് ഇളവുകള്‍ നല്‍കുന്നതെന്ന് ഇന്ന് നടന്ന വാദത്തില്‍ കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ടിപിആര്‍ അനുസരിച്ച് മേഖലകള്‍ തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയത്. കടകള്‍ തുറക്കാനുള്ള ഇളവുകള്‍ ജൂണ്‍ 15 മുതലേ നല്‍കിയതാണ്.
കാറ്റഗറി ഡിയില്‍ ഉള്‍പ്പെടെ നല്‍കിയ ഇളവുകള്‍ ഭീതിപ്പെടുത്തുന്നതാണ്.എന്നാല്‍ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയതെന്നാണ് കേരളം കോടതിയില്‍ വ്യക്തമാക്കി. ജനം അസ്വസ്ഥരാണെന്നും ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.