Monday, April 29, 2024
indiaNews

ഡല്‍ഹിയിലെ ‘ചക്കാ ജാം’; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

 

കാര്‍ഷിക നിയമങ്ങളുടെ മറവില്‍ രാജ്യവ്യാപകമായി വഴിതടയല്‍ സമരം (ചക്കാ ജാം) നടത്താന്‍ ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 50000 അര്‍ദ്ധ സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചു. ചെങ്കോട്ട, ഐടിഒ, മിന്റ്റോ റോഡ് എന്നിവിടങ്ങളിലെ സുരക്ഷയും കൂട്ടിയിട്ടുണ്ട്. സംയുക്ത സമരസമിതിയുടെ ആഹ്വാന പ്രകാരമാണ് റോഡ് ഉപരോധം നടത്തുന്നത്.

നാലുവരി ബാരിക്കേഡുകളും അതിന് പുറമെ മുള്ളുവേലികളും റോഡില്‍ ആണികളും പോലീസ് സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും മൂന്ന് മണിക്കൂറുകളോളം വാഹനങ്ങള്‍ തടയും. എങ്കിലും സംഘര്‍ഷ സാദ്ധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഒരു പ്രക്ഷോഭകനെ പോലും ഡല്‍ഹി നഗരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. കടുത്ത സുരക്ഷാ സന്നാഹങ്ങളാണ് ഡല്‍ഹി പോലീസ് സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുള്ളത്.