കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം.
ന്യൂഡല്‍ഹി :കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേക്ക് ജയം.കോണ്‍ഗ്രസിനെ ഇനി ദലിത് നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 8000ല്‍ അധികം വോട്ടു നേടിയാണ് ഖര്‍ഗെയുടെ വിജയം. എതിര് സ്ഥാനാര്‍ഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു. അതേസമയം, കോണ്‍ഗ്രസ് ഔദ്യോഗികമായി അന്തിമ ഫലം പുറത്തു വിട്ടിട്ടില്ല. രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുന്നത്.
നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ. ആയിരത്തിലധികം വോട്ടു നേടിയതോടെ, ഏറെക്കുറെ ഒറ്റയാനായി മത്സരിച്ച തരൂരിനും കരുത്തു തെളിയിക്കാനായി.