Friday, May 3, 2024
indiaNewspolitics

കൊറോണ മരണം; 50,000 രൂപ നഷ്ടപരിഹാരം കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി : കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എംആര്‍ ഷാ, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനം അംഗീകരിച്ചത്.അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തുക കൈമാറണമെന്നാണ് കോടതി നിര്‍ദ്ദേശം. കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കായുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗ്ഗ രേഖയിലാണ് 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും തുക നല്‍കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരും നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശവും സുപ്രീംകോടതി അംഗീകരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളില്‍ നിന്നും കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവ്. മരണ സര്‍ട്ടിഫിക്കേറ്റില്‍ മരണകാരണം കൊറോണയെന്ന് രേഖപ്പെടുത്താത്തതിന്റെ പേരില്‍ ഒരു സംസ്ഥാനവും നഷ്ടപരിഹാരം നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി. മരണ സര്‍ട്ടിഫിക്കേറ്റില്‍ പരാതിയുണ്ടെങ്കില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചിട്ടുള്ള പ്രശ്നപരിഹാര സമിതിയെ സമീപിക്കാം. മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ശേഷം 30 ദിവസത്തിനുളളില്‍ നഷ്ടപരിഹാരത്തിനായി നിര്‍ദ്ദേശിക്കാം. ആനുകൂല്യത്തിന് അര്‍ഹരായവരുടെ പേരു വിവരങ്ങള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.