Sunday, April 28, 2024
indiaNews

ഇന്ത്യ നൂറ് കോടി ചെലവിട്ട് ലുംബിനിയില്‍ നിര്‍മ്മിക്കുന്ന ബുദ്ധമതകേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി

കാഠ്മണ്ഡു: ലുംബിനിയിലെ ബുദ്ധമത കേന്ദ്രത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബെയും നരേന്ദ്രമോദിയും ചേര്‍ന്നാണ് തറക്കല്ലിട്ടത്. 2566-ാമത് ബുദ്ധജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നേപ്പാളിലെത്തിയത്. 2014ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ നേപ്പാള്‍ സന്ദര്‍ശനമാണിത്.ബുദ്ധമതത്തിന്റെ തത്വചിന്ത പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ലുംബിനിയില്‍ കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടി രൂപ ചെലവിട്ട് ബുദ്ധമതകേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസ്, ചൈന, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, തായ്‌ലന്‍ഡ് എന്നിവയുള്‍പ്പെടെ മിക്ക വിദേശ രാജ്യങ്ങളും ലുംബിനിയില്‍ ഇതിനോടകം തന്നെ തങ്ങളുടെ ബുദ്ധമത കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ബുദ്ധപൂര്‍ണ്ണിമ ദിനമായ ഇന്ന് രാവിലെ ഗൗതമ ബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിലെത്തിയ മോദി പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യുബെയ്ക്കൊപ്പം പ്രശസ്തമായ മായാദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രാംഗണത്തിലെ ബോധി മരത്തിന് ഇരുവരും ചേര്‍ന്ന് വെള്ളമൊഴിക്കുകയും ചെയ്തു. നിരവധി ആളുകളാണ് പ്രധാനമന്ത്രിയെ നേരില്‍ കാണാനായി ഇവിടേയ്ക്ക് എത്തിയത്.