Sunday, April 28, 2024
keralaNewspolitics

തൃക്കാക്കര മാപ്പുണ്ട്’, മെയ് 31ന് ശേഷം തരാമെന്ന് സാബു എം.ജേക്കബ്

കൊച്ചി: ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍ പിന്‍വലിച്ചു.

ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്നും ഒരാള്‍ക്ക് കൊടുക്കാനാണെന്നും പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റാണ് പിന്‍വലിച്ചത്.സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ശ്രീനിജന്‍ എഫ്ബി പോസ്റ്റ് പിന്‍വലിച്ചത്.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പു പറയണമെന്ന് സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു.

ഇതിനോടാണ് ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജന്‍ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്. കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി ഇരുവരും പലവട്ടം വാക്‌പോര് നടത്തിയിരുന്നു.

പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ ആണെന്നും ശ്രീനിജന്‍ ട്വന്റി20യെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവര്‍ത്തിച്ചു. ഈ ആരോപണങ്ങള്‍ക്കെല്ലാം പി.വി.ശ്രീനിജന്‍ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു.

എന്നാല്‍ ഇക്കുറി തൃക്കാക്കര പിടിക്കാന്‍ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം, ട്വന്റി20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും മുന്നേ, അഡ്വ. കെ.എസ്.അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പി.വി.ശ്രീനിജന്‍ എംഎല്‍എ നേരത്തെ പിന്‍വലിച്ചിരുന്നു.

അരുണ്‍ കുമാറാണ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ ഇട്ട പോസ്റ്റാണ് പിന്‍വലിച്ചത്. സിപിഎം ജില്ല കമ്മിറ്റി കൂടുന്നതിനു മുന്‍പായിരുന്നു നടപടി. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്നായിരുന്നു ശ്രീനിജന്റെ വിശദീകരണം.