Friday, May 17, 2024
keralaNews

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് ചെയ്യിക്കാന്‍ പല വീടുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് പരാതി

80 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ട് ചെയ്യിക്കാന്‍ പല വീടുകളിലും പോളിങ് ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്ന് പരാതി. കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ ഇരുനൂറോളം വയോധികര്‍ക്ക് വോട്ട് രേഖപ്പെടുത്താനായില്ലെന്നാണ് പ്രാഥമിക വിവരം. 3533 വോട്ടര്‍മാരാണുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് വരണാധികാരി അറിയിച്ചു. ഇന്നലെയായിരുന്നു അവസാന ദിനം. വോട്ട് ചെയ്യാന്‍ ഇനി പോളിങ് സെന്ററുകളില്‍ എത്തേണ്ടി വരും.

കൊട്ടാരക്കര മണ്ഡലത്തിലെ കോട്ടാത്തല മേഖലയിലെ 48,49, 51 ബൂത്തുകളില്‍ ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സു പിന്നിട്ടവര്‍ക്കുമുള്ള സ്‌പെഷല്‍ വോട്ടുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നു പരാതി. ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് സ്‌പെഷല്‍ വോട്ടുകള്‍ ചെയ്യിക്കുന്നത്. ഇന്നലെയായിരുന്നു അവസാന ദിവസം. പക്ഷേ ഇന്നലെയും ആരും വീടുകളില്‍ എത്താതിരുന്നതോടെയാണ് പരാതി ഉയര്‍ന്നത്.

കോട്ടാത്തല എല്‍പിജിഎസിലെ ബൂത്ത് നമ്പര്‍ 51ല്‍ 80 വയസ്സു പിന്നിട്ട 20 പേരും ഭിന്നശേഷിക്കാരായ 3 പേരും മൂഴിക്കോട് ജിഎല്‍പിഎസിലെ ബൂത്ത്‌നമ്പര്‍ 48ല്‍ 80 വയസ്സു പിന്നിട്ട 16 പേരും ഭിന്നശേഷിക്കാരായ 4 പേരും ബൂത്ത് നമ്പര്‍ 49ല്‍ 80 വയസ്സ് പിന്നിട്ട 5 പേരും ഭിന്നശേഷി വിഭാഗത്തില്‍പെട്ട 4 പേരുമാണ് സ്‌പെഷല്‍ വോട്ടിന് അപേക്ഷിച്ചിരുന്നത്.

ഇവരുടെ പട്ടിക വില്ലേജ് അധികൃതര്‍ക്കു കൈമാറിയിരുന്നതായി ബിഎല്‍ഒമാരും ഇതു താലൂക്ക് അധികൃതര്‍ക്കു കൈമാറിയിരുന്നതായി വില്ലേജ് അധികൃതരും പറയുന്നു. പക്ഷേ വോട്ട് ചെയ്യിക്കാന്‍ ആരുമെത്തിയില്ല. ഇന്നലെയും ഉദ്യോഗസ്ഥര്‍ എത്താതായതോടെ സംഭവം ബിഎല്‍ഒമാര്‍ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതിയുണ്ട്.