Thursday, May 2, 2024
indiakeralaNews

ഹൈദാരബാദില്‍ നിന്നും കാല്‍നടയായി ആദ്യ തീര്‍ത്ഥാടകന്‍ എരുമേലിയിലെത്തി

എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശരണവിളികളുമായി ആന്ധ്ര ഹൈദാരബാദില്‍ നിന്നുള്ള ആദ്യ തീര്‍ത്ഥാടകന്‍ അതും കാല്‍നടയായിപതിവ് തെറ്റാതെ ആയിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് എരുമേലി ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തി. മേട് ചല്‍ ജില്ലയില്‍ ജീഡിമെറ്റല സ്വദേശിയായ എന്‍ വി വി സുബ്രമഹ്ണ്യമാണ് (വീരഭദ്രസുബ്രമണ്യന്‍) 1400 ലധികം കിലോമീറ്റര്‍ നടന്ന് ഇന്നലെ എരുമേലിയിലെത്തിയത്. കഴിഞ്ഞ 28 വര്‍ഷമായി ശബരിമലക്ക് പോകുന്ന സ്വാമി 16 വര്‍ഷമാണ് കാല്‍നടയായി അയ്യനെ കാണാനെത്തിയത്. ഇതിനിടെ മൂന്ന് വര്‍ഷം സൈക്കിളിലും തീര്‍ത്ഥാടനത്തിനെ ത്തി. 2003ലാണ് ആദ്യമായി കാല്‍നടയായി ശബരിമലയിലേക്ക് പദയാത്ര ആരംഭിച്ചത്. എന്നാല്‍ തുടര്‍ന്ന് കുറച്ച് വര്‍ഷം പദയാത്ര നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് അയ്യപ്പനെ ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അരിയാഹാരം ഒഴിവാക്കി പഴങ്ങള്‍ മാത്രം കഴിച്ച് കഠിന വ്രതമെടുത്താണ് വന്നതെന്നും സ്വാമി പറഞ്ഞു.ദസറ ആഘോഷത്തിന് ശേഷം ഒക്ടോബര്‍ എട്ടിനാണ് ഹൈദാരബാദില്‍ നിന്നും യാത്ര തുടങ്ങിയത്. വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി വെളുപ്പിന് 2 മണി മുതല്‍ 10 വരേയും, വൈകിട്ട് 3 മുതല്‍ 7 വരേയുമാണ് നടക്കുന്നത്. 40 മുതല്‍ 50 വരെ കിലോമീറ്റര്‍ ദൂരം ഒരു ദിവസം കുറഞ്ഞത് നടക്കുമെന്നും 39 വയസുള്ള സ്വാമി പറഞ്ഞു. അവിവാഹിതനായ സുബ്രഹ്‌മണ്യസ്വാമി നിഖില സായ് മൈത്രേയ മധുസൂധന സരസ്വതി പീഠം എന്ന ആശ്രമത്തിലെ അംഗം കൂടിയാണ് സ്വാമി . ഹൈന്ദവാചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതലയാണ് സ്വാമിക്കുള്ളത് .9 ന് രാവിലെ എരുമേലിയില്‍ നിന്നും കാല്‍നടയായി തന്നെ ശബരിമലക്ക് യാത്ര തിരിക്കുന്ന സ്വാമി പതിവ് പോലെ വൃശ്ചികം ഒന്നിന് തന്നെ അയ്യപ്പനെ ദര്‍ശിച്ച് നാട്ടിലേക്ക് മടങ്ങുമെന്നും പറഞ്ഞു.ശബരിമല ദര്‍ശനം ജീവിതത്തിന്റെ മഹാഭാഗ്യമാണെന്നും വ്രതാനുഷ്ടാനമാണ് ഈ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സ്വാമി പറഞ്ഞു.