Monday, April 29, 2024
keralaNewsObituary

ഉത്രയുടെ കൊലപാതകം ; കോടതിയില്‍ കുറ്റങ്ങളെല്ലാം സൂരജ് നിഷേധിച്ചു

ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു എന്ന ആരോപണം കോടതിയില്‍ നിഷേധിച്ച് സൂരജ്. തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും ഉത്രയുടെ വീട്ടുകാര്‍ പോലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്നും പറഞ്ഞു. വിസ്താരം നടക്കുന്ന കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് മുമ്പാകെയാണ് തന്റെ വിശദീകരണം സൂരജ് ഇന്നലെ നല്കിയത്.

പ്രോസിക്യൂഷന്‍ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം തേടുന്ന നടപടി ക്രമം ഇതോടെ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ ഭാഗം രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ തെളിവെന്ന് വിലയിരുത്തുന്ന തെളിവുകളും സാഹചര്യങ്ങളുമാണ് പ്രതി സൂരജിനോട് ചോദിച്ച് ജഡ്ജി വിശദീകരണം തേടിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്നും 692 ചോദ്യങ്ങളായാണ് പ്രതി സൂരജില്‍ നിന്നും വിശദീകരണമാവശ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്ക് വിശദീകരണവുമായി പ്രതി സൂരജ്, തനിക്കെതിരെ വിവിധ സാക്ഷികള്‍ നല്‍കിയ മൊഴികള്‍ കളവാണെന്നും പറഞ്ഞു. സൂരജ് എഴുതി ഹാജരാക്കിയ അധിക വിശദീകരണത്തില്‍ ഉത്രയ്ക്ക് യാതൊരു കുഴപ്പമോ ഭിന്നശേഷിയോ ഇല്ലായിരുന്നുവെന്ന് പറയുന്നു.

വീടിനു സമീപം പാമ്പിനെ കണ്ടതുകൊണ്ടാണ് ചാവര്‍കാവ് സുരേഷിനെ വിളിച്ചത്. അണലി കടിച്ച ദിവസമായ മാര്‍ച്ച് രണ്ടിന് രാത്രി ഉത്സവം കണ്ടശേഷം തിരികെ വയലില്‍ കൂടി നടന്നാണ് ഉത്രയോടും കുഞ്ഞിനോടുമൊപ്പം വന്നത്. രാത്രി താന്‍ മദ്യപിച്ചിരുന്നു. രാത്രി ഉത്ര കരയുന്നതുകേട്ട് ഉണര്‍ന്നപ്പോള്‍ കാലു വേദനിക്കുന്നു എന്നു പറയുന്നതുകേട്ടാണ് താന്‍ സുഹൃത്ത് സുജിത്തിനെ വിളിച്ചത്. അന്ന് രാത്രി അടൂരിലെ ആശുപത്രികളില്‍ കൊണ്ടുപോയ ഉത്രയെ എന്താണ് കടിച്ചതെന്ന് മനസ്സിലാകുന്നില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും പിന്നീട് തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയതെന്നും ആന്റിവെനം കുത്തിവെച്ചതിന്റെ റിയാക്ഷന്‍ ആണ് ഉത്രയ്ക്ക് ഉണ്ടായതെന്നും സൂരജ് വിശദീകരണത്തില്‍ പറഞ്ഞു. കേസ് ഇനി 12ന് പരിഗണിക്കും.