Tuesday, May 14, 2024
keralaNews

വെങ്ങോല പഞ്ചായത്തില്‍ ഉത്തരവുകള്‍ ലംഘിച്ച് കുന്നിടിച്ച് നിരത്തുന്നു, തടഞ്ഞ് നാട്ടുകാര്‍

വെങ്ങോല പഞ്ചായത്തിലെ വാര്‍ഡ് 23 ചുണ്ടമലപ്പുറത്ത് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും ഉത്തരവുകള്‍ ലംഘിച്ച് ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വലിയതോതില്‍ കുന്നിടിച്ച് നിരത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. കഴിഞ്ഞദിവസം രാവിലെ മുതലാണ് മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും അടക്കം നിരവധി വാഹനങ്ങള്‍ ഇവിടെയെത്തിയത്. നിലവില്‍ നാല് ടാര്‍ മിക്‌സിങ് പ്ലാന്റുകളും പ്ലൈവുഡ്, പ്ലാസ്റ്റിക് യൂണിറ്റുകളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. വാര്‍ഡ് മെമ്ബറുടെയും സമീപവാസികളുടെയും പരാതികളെ തുടര്‍ന്ന് കുന്നിടിച്ച് നിരത്തി പുതിയ ടാര്‍ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

ജനങ്ങളുടെ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനകള്‍ നടത്തിവരികയാണ്. ഇങ്ങനെയിരിക്കെ, പരാതിക്കാരെ കക്ഷി ചേര്‍ക്കാതെ പ്ലാന്റ് ഉടമ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് പഞ്ചായത്ത് സെക്രട്ടറി ഏകപക്ഷീയമായി മതിയായ പരിശോധന നടത്താതെ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കുകയും ചെയ്തത് പഞ്ചായത്തില്‍ വലിയ ബഹളത്തിന് ഇടയാക്കി.

തുടര്‍ന്ന് ഭൂരിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേരുകയും സെക്രട്ടറിയുടെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി റദ്ദാക്കുകയും ചെയ്തു. സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്ന വസ്തുവില്‍ നിന്ന് സ്ഥലഉടമയും മണ്ണ് മാഫിയയും ചേര്‍ന്ന് ഉദ്യോഗസ്ഥരില്‍ ചിലരെ സ്വാധീനിച്ച് മണ്ണ് കയറ്റിക്കൊണ്ട് പോകാനുള്ള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. ഏതാനും ലോഡുകള്‍ ഇവിടെ നിന്നു കയറ്റിക്കൊണ്ട് പോയെന്നും പോലീസിനെയും മറ്റ് അധികാരികളെയും ബന്ധപ്പെട്ടിട്ടും ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് പ്രകാരം ഓണ്‍ലൈനില്‍നിന്ന് എടുത്ത സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് വലിയ മലയിടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോകുന്ന ഉടമകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്തംഗം അഡ്വ. ബേസില്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷന്‍  പട്ടികയിലുളള ഫ്‌ളാറ്റ് സമുച്ചയം ഇതിന് സമീപത്താണ് പണിതിട്ടുള്ളത്. ഈ പ്രദേശത്ത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറം മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ ഉള്ളതിനാല്‍ വീണ്ടും പുതിയ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥാപിക്കരുതെന്നും നിലവിലുള്ള മലിനീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കണ മെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും  നാട്ടുകാര്‍ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി വീണ്ടും മണ്ണെടുത്ത് പണികള്‍ നടത്തുന്നതിനെതിരേ സമരം ശക്തമാക്കുമെന്ന് സമര സമിതി ഭാരവാഹികളായ റെയ്‌സണ്‍ കൊറയ, ബിനോയ് മുല്ലമംഗലം, റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.