Tuesday, May 14, 2024
keralaNewsUncategorized

അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം: സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ചേലക്കര കിള്ളിമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്ലാക്കല്‍പീടികയില്‍ അബ്ബാസ്, ബന്ധുക്കളായ ഇബ്രാഹിം, അല്‍ത്താഫ്, അയല്‍വാസി കബീര്‍ എന്നിവരാണ് പിടിയിലായത്. ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ വെട്ടിക്കാട്ടിരി നമ്പുളളിപ്പടി വീട്ടില്‍ സന്തോഷ് ഗുരുതരാവസ്ഥയിലാണ്. കിള്ളിമംഗലം സ്വദേശി അബാസിന്റെ വീട്ടില്‍ നിന്ന് അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ആക്രമണം. പുലര്‍ച്ചെ 2 മണിയോടെയാണ് കിള്ളിമംഗലത്ത് വച്ച് സന്തോഷിന് മര്‍ദനമേറ്റത്. അടക്ക വ്യാപാരിയായ പ്ലാക്കല്‍ പീടികയില്‍ അബ്ബാസിന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി അടക്കമോഷണം പോകാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. ഈ സിസിടിവിയില്‍ മാസ്‌കും തൊപ്പിയും ധരിച്ച യുവാവ് അടക്ക മോഷ്ടിച്ച് കടത്തുന്ന ദൃശ്യം ലഭിച്ചു.പുലര്‍ച്ചെ ഇതേ യുവാവ് എത്തിയതായി സിസിടിവിയില്‍ വ്യക്തമായതോടെ അബാസ് സഹോദരനെയും ജോലിക്കാരെയും അയല്‍വാസികളെയും വിവരമറിയിച്ചു. ഇവര്‍ പിടികൂടാന്‍ ശ്രമിച്ചതോടെ സന്തോഷ് അടുത്ത വീട്ടിലെ മതിലെടുത്ത് ചാടാന്‍ നോക്കി. ഇതിനിടെയാണ് ക്രൂര മര്‍ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയിലെ പരിക്ക് അതീവ ഗുരുതരമാണ്. മുഖത്തും ക്ഷതമുണ്ട്. പത്തോളം പേര്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നാട്ടുകാര്‍ക്കെതിരെ മര്‍ദനത്തിനും സന്തോഷിനെതിരെ മോഷണത്തിനും കേസ് എടുത്തു. ചേലക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.