പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം അന്വേഷണത്തിനു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചെന്ന കേസിലാണ് നടപടി. തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.പി.സെയ്തലവിയുടെ ഉത്തരവ്. ജൂലൈയില്‍ വാദം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ വിധി പറയാന്‍ മാറ്റിവച്ച കേസിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.
നേരത്തെ ത്വരിത അന്വേഷണത്തിനു വിജിലന്‍സ് കോടതി ഉത്തരവിട്ട ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍എസ്ജി ട്രൈബ്യൂണല്‍ പരിഗണിച്ചാല്‍ മതിയെന്നു വിജിലന്‍സ് പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ കോടതിയെ ആക്ഷേപ ഹര്‍ജിയുമായി സമീപിക്കുകയായിരുന്നു. കോടതിക്ക് നിയമോപദേശം നല്‍കുന്നതു ചട്ട വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരനായ ജി. ഗിരീഷ് ബാബുവിന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.