Thursday, May 2, 2024
keralaNewsUncategorized

ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്ക് കഠിനതടവും പിഴയും

തിരുവനന്തപുരം: സ്‌കൂള്‍ പഠനകാലത്ത് 14 വയസ്സുകാരിക്ക് നേരെ ട്യൂഷന്‍ അധ്യാപകന്‍ ലൈംഗിക അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിനതടവും 60,000 രൂപ പിഴ ശിക്ഷയും. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷിച്ചത്. ട്യൂഷന്‍ സമയത്തെ പീഡനം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്യുകയും, ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെണ്‍കുട്ടിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാല്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2014- ല്‍ പ്രതി ട്യൂഷന്‍ എടുത്ത് വന്നിരുന്ന വീട്ടില്‍ വച്ച് പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയും, തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി, ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇതൊക്കെ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു. തുടര്‍ന്നും ഭീഷണിപ്പെടുത്തി വന്നതോടെ പെണ്‍കുട്ടി വഴങ്ങിയില്ല. ഇതിലുള്ള വിരോധം മൂലം പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുകയും, 2017 ക്രിസ്മസ് ദിവസം പെണ്‍കുട്ടിക്ക് ഫോണിലൂടെ അയച്ചുകൊടുക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആയിരുന്നു പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ആരോപിച്ചിരുന്ന കുറ്റം.സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ സമയത്ത് അതിജീവിത മരണപ്പെട്ടിരുന്നു. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം, പോക്‌സോ പ്രകാരമുള്ള ലൈംഗിക അതിക്രമം, സൈബര്‍ നിയമത്തിലെ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി. ഐപിസി വകുപ്പുകള്‍ പ്രകാരം പ്രതിക്ക് 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും, ഒപ്പം പോക്‌സോ പ്രകാരം 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴ ശിക്ഷയും, ഐ ടി ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവും 10,000 രൂപ പിഴ ശിക്ഷയും കോടതി വിധിച്ചു.25,000 രൂപ വീതമുള്ള പിഴത്തുക കെട്ടിവെക്കുവാന്‍ വീഴ്ച വരുത്തിയാല്‍ ആറുമാസം വീതം കഠിന തടവും, 10,000 രൂപ പിഴയില്‍ വീഴ്ച വന്നാല്‍ ഒരു മാസം കഠിന തടവും കൂടുതലായി അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. കഠിനംകുളം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂര്‍ സിഐ ആയിരുന്ന ജിബിമുകേഷ് ആണ്. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന്‍ ഹാജരായി.