Wednesday, May 1, 2024
keralaNewsUncategorized

കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി പ്രതി അതേ കുറ്റത്തിന് വീണ്ടും പിടിയില്‍

തിരുവനന്തപുരം: കുട്ടിയെ കമ്പ് കൊണ്ട് മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതേ കുറ്റത്തിന് വീണ്ടും പിടിയില്‍. മൂന്നര വയസുള്ള കുഞ്ഞിന്റെ മാതാവിന്റെ ആണ്‍സുഹൃത്തായ അടിമലത്തുറ അമ്പലത്തിന്‍മൂല സ്വദേശി തുമ്പന്‍ റോയിയെ (27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.   മൂന്നര വയസ്സുളള കുട്ടിയെ ഇയാള്‍ കമ്പ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.ഭാര്യയുമായി അകന്ന് കഴിയുന്ന ഇയാള്‍ അടിമലത്തുറ സ്വദേശിയായ യുവതിക്കൊപ്പമാണ് താമസിക്കുന്നത്. ന്യൂ ഇയര്‍ ദിനത്തില്‍ ഇയാളോട് പറയാതെ യുവതി പുതുവത്സരാഘോഷത്തിന് പോയിരുന്നു. ഇത് ചോദ്യം ചെയ്ത ഇയാള്‍ യുവതിയെ മര്‍ദ്ദിച്ചു. ഇതോടെ ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി.എന്നാല്‍ ശബ്ദം കേട്ട് ഉണര്‍ന്ന യുവതിയുടെ മകന്‍ കരയാന്‍ തുടങ്ങി. ഇതോടെ റോയി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്ത് കമ്പ് കൊണ്ട് അടിക്കുകയും കണ്ണിന് താഴെയും കവിളുകളിലും ചുണ്ടിലും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.കുട്ടിയുടെ കരച്ചില്‍ കേട്ടാണ് യുവതി വീട്ടിലേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് ഒരു ബന്ധുവിന്റെ വീട്ടില്‍ അഭയം തേടി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് ഈ കുട്ടിയെ മര്‍ദ്ദിച്ച കേസില്‍ റോയി 18 ദിവസം റിമാന്റിലായിരന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം നടത്തിയത്.