Saturday, May 18, 2024
keralaNews

ആശുപത്രിയില്‍ അനുഷ എത്തിയത് കൃത്യമായ പദ്ധതി തയാറാക്കിയതിന് ശേഷം.

പരുമല ആശുപത്രിയില്‍ അനുഷ എത്തിയത് കൃത്യമായ പദ്ധതി തയാറാക്കിയതിനു ശേഷം. ആശുപത്രിയിലേക്കു വരുന്ന വിവരം അരുണിനെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് അനുഷ പൊലീസിനു മൊഴി നല്‍കി. തന്റെ ഇളയച്ഛന്‍ ഇതേ ആശുപത്രിയിലുണ്ടെന്നും കാണാന്‍ വരുമ്പോള്‍ സ്‌നേഹയെയും കുഞ്ഞിനെ കൂടി കാണണമെന്നുമാണ് അരുണിനോടു പറഞ്ഞത്.വെള്ളി ഉച്ചയ്ക്കുശേഷം പരുമലയിലെ ആശുപത്രിയിലെത്തി. പെട്ടെന്നു തിരിച്ചറിയാതിരിക്കാന്‍ മാസ്‌കും തലയില്‍ തട്ടവുമിട്ടിരുന്നു. ആശുപത്രിയിലെത്തി പ്രസവ വാര്‍ഡ് എവിടെയെന്നു തിരക്കി. വാര്‍ഡിലെത്തി സ്‌നേഹയുടെ പേരു പറഞ്ഞ് മുറി കണ്ടെത്തി. അകത്തു കയറിയപ്പോള്‍ സ്‌നേഹ മാത്രമാണുണ്ടായിരുന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന സ്‌നേഹയോട് ഒരു കുത്തിവയ്പ് കൂടിയുണ്ടെന്നു പറഞ്ഞു. സ്‌നേഹയ്ക്ക് അനുഷയെ നേരത്തേ കണ്ടു പരിചയമുണ്ടായിരുന്നെങ്കിലും മാസ്‌കും തലയിലെ തട്ടവും കാരണം ആളെ മനസ്സിലായില്ല.ആദ്യം കുത്തിയപ്പോള്‍ ഞരമ്പ് കിട്ടാതെ വന്നതോടെ വീണ്ടും കുത്തി. ഇതും ശരിയായില്ല. മൂന്നാമതും കുത്തിയപ്പോഴാണ് സ്‌നേഹ സിറിഞ്ചില്‍ മരുന്ന് ഇല്ലെന്നു കണ്ടത്. സംശയം തോന്നി അമ്മയെ വിളിച്ചു. മുറിക്കു പുറത്ത് നില്‍ക്കുകയായിരുന്ന അമ്മ അകത്തുകയറിയപ്പോള്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഉടനെ ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.

ബിഫാം പഠനം പൂര്‍ത്തിയാക്കിയ അനുഷ, ശരീരത്തിലെ ഞരമ്പിലേക്കു വായു കുത്തിവച്ചാല്‍ മരണംവരെ സംഭവിക്കുമെന്നാണ് മനസ്സിലാക്കിയിരുന്നതെന്നും പൊലീസിനു മൊഴി നല്‍കി. കഴിഞ്ഞ മാസം 26നാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നാം തീയതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അക്രമ സംഭവത്തെ തുടര്‍ന്നു ഇവര്‍ ഇപ്പോഴും ആശുപ്രത്രിയില്‍ തുടരുകയാണ്. അനുഷയുമായി കായംകുളത്തും പുല്ലുകുളങ്ങരയിലും തെളിവെടുപ്പു നടത്തി. അനുഷ വെളുത്ത കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രശാലയിലും സിറിഞ്ചും പഞ്ഞിയും വാങ്ങിയ പുല്ലുകുളങ്ങരയിലെ മെഡിക്കല്‍ സ്റ്റോറിലുമാണ് എത്തിച്ചത്.