Thursday, May 2, 2024
keralaNews

ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയവര്‍ പിടിയില്‍

കോഴിക്കോട്: ഇവന്റ് മാനേജ്മെന്റിന്റെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് ബി ടെക് ബിരുദധാരികള്‍ പിടിയില്‍. പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടില്‍ മുഹമ്മദ് ഷാമില്‍ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫന്‍ഷാസ് (24), വയനാട് കപ്പംകൊല്ലി പതിയില്‍ വീട്ടില്‍ നൗഫല്‍ അലി (22), എന്നിവരെയാണ് എസ്‌ഐ ടി വി ധനഞ്ജയ ദാസിന്റെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്ത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡാന്‍സാഫും) ചേര്‍ന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ച റൂമില്‍ നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 450 മില്ലിഗ്രാം എസ് ഡി സ്റ്റാമ്പ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസി പില്‍ 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയും ലഹരി മരുന്ന് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പൊലീസ് പിടിച്ചെടുത്തു.ഡിസിപി എ ശ്രീനിവാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാഴിയിലെ എം എല്‍ എ റോഡിലുള്ള ഒരു സ്വകാര്യ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്. കോഴിക്കോട് ഡന്‍സാഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്, സീനിയര്‍ സിപിഒ കെ അഖിലേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ പ്രഭീഷ് ടി, ശ്രീജിത്ത്കുമാര്‍ പി, സിപിഒമാരായ രഞ്ജിത്ത് എം, സനൂജ് എന്‍, കിരണ്‍ പി കെ , ഹരീഷ് കുമാര്‍ ടി കെ, സുബിന്‍ വി എം, ഡ്രൈവര്‍ സിപിഒ വിഷ്ണു തുടങ്ങിയവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.