Thursday, May 2, 2024
keralaNewsObituary

താനൂര്‍ ബോട്ട് അപകടം; അന്വേഷണ ചുമതല താനൂര്‍ ഡിവൈഎസ്പിക്ക്

മലപ്പുറം: താനൂരിലുണ്ടായ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. 14 അംഗ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും. താനൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.                                                                                               

 

 

 

 

 

ഇന്നലെ ഏഴരയോടെ താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ 15 കുട്ടികളുള്‍പ്പെടുന്നു. വിനോദസഞ്ചാര ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടമുണ്ടായ ബോട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയിരുന്നു. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാര്‍ക്കും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ 11 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.  അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേരാണ് കോട്ടക്കല്‍, തിരൂരങ്ങാടി, കോഴിക്കോട് ആശുപത്രികളിലായി ചികിത്സയിലുള്ളത്. നിസാര പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രി വിട്ടു. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റിലായിട്ടുണ്ട്. താനൂര്‍ സ്വദേശിയായ നാസറിനെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടുകയും ചെയ്തിരുന്നു.