Friday, May 17, 2024
keralaNewsObituary

ബോട്ട് അപകടം: കണ്ണീര്‍ക്കാഴ്ചയായി കുന്നുമ്മല്‍ വീട്

പരപ്പനങ്ങാടി താനൂരില്‍ വിനോദയാത്ര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെ നഷ്ടമായതിന്റെ കണ്ണീര്‍ക്കാഴ്ചയായി പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ വീട്. കുന്നുമ്മല്‍ വീടിന് ഒറ്റയടിക്ക് നഷ്ടമായത് രണ്ടു മരുമക്കള്‍, ഏഴു പേരക്കുട്ടികള്‍, കുടുംബാംഗമായ ജാബിറിന്റെ ഭാര്യ, മകന്‍ എന്നിവര്‍. ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന്‍ ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, പത്തു മാസം പ്രായമുള്ള കുഞ്ഞ്, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന, സഫ്‌ന എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊതുദര്‍ശനത്തിന് ശേഷം ഒരു കബറില്‍ത്തന്നെ ഇവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയതും നോവുന്ന നിമിഷങ്ങളായി. ഒരു കുഞ്ഞു കൂരയിലാണ് കുന്നുമ്മല്‍ സെയ്തലവിയും സഹോദരന്‍ സിറാജും മക്കളും ഉമ്മയ്ക്കൊപ്പം താമസിച്ചിരുന്നത്. ഈ വീടിന്റെ സന്തോഷം ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്. പെരുന്നാള്‍ ആഘോഷം കഴിഞ്ഞ് എല്ലാവരും ഒത്തുകൂടിയതായിരുന്നു. കടലും വെള്ളവും ബോട്ടും കണ്ടു ശീലിച്ച ഇവര്‍ ഒരു കൗതുകത്തിനാണ് ഈ ബോട്ടില്‍ കയറിയത്. ആ യാത്രയാകട്ടെ, തിരിച്ചുവരവില്ലാത്ത യാത്രയായി. പുതിയ വീടെന്ന സ്വപ്നവുമായി രണ്ടു വര്‍ഷം മുന്‍പ് തറ കെട്ടിയിരുന്നു. നല്ലൊരു വീടെന്ന സ്വപ്നവുമായി ജീവിച്ചവര്‍ ആ തറയ്ക്കു മേല്‍ ചേതനയറ്റ നിലയില്‍ വന്ന കാഴ്ചയും ഹൃദയം തകര്‍ക്കുന്നതായി.ഇവിടെ പൊതുദര്‍ശനത്തിന് ശേഷമാണ് കബര്‍സ്ഥാനിലേക്ക് മൃതദേഹങ്ങള്‍ എത്തിച്ചത്. വലിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്ത് ഒരേ കബറില്‍ 11 അറകളിലായി അവര്‍ക്ക് ഒരുമിച്ച് അന്ത്യവിശ്രമം. സുഖത്തിലും ദുഃഖത്തിലും ഒപ്പം നടന്നവര്‍ അന്ത്യവിശ്രമത്തിലും ഒന്നായി മണ്ണിലേക്ക്. കണ്ടുനിന്നവര്‍ക്ക് വാക്കുകള്‍ വിങ്ങലായി. കണ്ണു നിറഞ്ഞ് അവര്‍ പ്രിയപ്പെട്ടവരെ യാത്രയാക്കി.