Sunday, May 5, 2024
keralaNews

ദുരിതത്തില്‍ മനമലിഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ പിരിവെടുത്തു കുടിശിക അടച്ചു…

വീടു പണിക്കെടുത്ത വായ്പ കുടിശികയായപ്പോള്‍ രാജമ്മയുടെ കിടപ്പാടം ജപ്തി ചെയ്യാനെത്തിയതാണ് ബാങ്ക് ഉദ്യോഗസ്ഥര്‍. പണിതീരാത്ത വീടും അതില്‍ രാജമ്മയുടെയും സഹോദരങ്ങളുടെയും ദുരിതജീവിതവും കണ്ടപ്പോള്‍ അവര്‍ പിന്മാറി. ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും ചേര്‍ന്ന് പിരിവെടുത്ത് കുടിശിക അടച്ച് കിടപ്പാടം തിരികെ നല്‍കിയപ്പോള്‍ രാജമ്മയുടെ മനസ്സില്‍ അവര്‍ ദൈവതുല്യരായി. തോന്നല്ലൂര്‍ ഇളശേരില്‍ കെ.രാജമ്മയ്ക്കാണ് കേരള ബാങ്ക് പന്തളം ശാഖയിലെ ഉദ്യോഗസ്ഥരുടെ കനിവില്‍ കിടപ്പാടം തിരികെ കിട്ടിയത്.

ബാങ്ക് മാനേജര്‍ കെ.സുശീലയും ഉദ്യോഗസ്ഥരും ചേര്‍ന്നു വീടിന്റെ പ്രമാണം രാജമ്മയ്ക്ക് കൈമാറി. 2008 മേയ് 30നാണ് ഇവര്‍ വീട് നിര്‍മാണത്തിനായി വസ്തു പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തത്. രാജമ്മയും 2 സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിനു പലവിധ പ്രതിസന്ധികള്‍ മൂലം വായ്പ തിരികെ അടയ്ക്കാനായില്ല. ചെറുജോലികള്‍ ചെയ്താണ് മൂവരും കുടുംബം പുലര്‍ത്തിയിരുന്നത്. മൂന്നുപേരും അവിവാഹിതരാണ്.

വീട് നിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ വന്നതോടെ താമസിക്കാനായി പണിത ഷെഡ്ഡും ഇതിനിടെ കത്തിനശിച്ചു. 2010 നവംബര്‍ 4ന് ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി. കുടിശിക അടക്കം തുക 2.50 ലക്ഷത്തോളമായിരുന്നു. ബാങ്ക് നടത്തിയ അദാലത്തില്‍ 1,28,496 രൂപ ഇളവ് ചെയ്തു നല്‍കി. ശേഷിക്കുന്ന തുകയുടെ കാര്യത്തില്‍ മാനേജര്‍ സുശീല സാവകാശം തേടി.

തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥരെയും മുന്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി വാട്‌സാപ് ഗ്രൂപ്പിനു രൂപം കൊടുത്തു. രാജമ്മയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ 98,628 രൂപ ലഭിച്ചു. ഇന്നലെ ഉച്ചയോടെ രാജമ്മയെ ബാങ്കില്‍ വിളിച്ചു വരുത്തി. വായ്പ കുടിശിക തീര്‍ത്ത് പ്രമാണവും കൈമാറി. ജീവിതത്തില്‍ നേരിട്ടിട്ടുള്ള സമാനരീതിയിലുള്ള അനുഭവങ്ങളാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പ്രേരണയായതെന്നു സുശീല പറയുന്നു.