Friday, May 3, 2024
keralaLocal NewsNews

യുവാവിനേയും വീട്ടമ്മയേയും വനപാലകര്‍ മര്‍ദ്ദിച്ച സംഭവം ; കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നു : ബിജെപി

എരുമേലി പെയ്ന്റിംഗ് തൊഴിലാളിയായ യുവാവിനേയും,വീട്ടമ്മയേയും കഴിഞ്ഞ ദിവസം വനപാലകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്ന നീക്കം നടത്തുന്നതായി ബിജെപി.രണ്ടു വിവസം മുമ്പ് മണല്‍ കടത്ത് തടയാനെന്ന പേരില്‍ അഴുതമുനിയില്‍ വനപാലകര്‍ വാഹനം റോഡിന് കുറുകെ ഇട്ടതിനെ ചോദ്യം ചെയ്ത ആറാട്ടുകയം പാലമൂട്ടില്‍ വീട്ടില്‍ സുനിഷിനേയും ബന്ധുവായ വീട്ടമ്മയേയുമാണ് മൂന്നു പേരടങ്ങുന്ന വനപാലകര്‍ മര്‍ദ്ദിച്ചത്.അഴുതമുനിയില്‍ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്ന സുനീഷിനെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ വിളിച്ചിറക്കി വനപാലകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ പറഞ്ഞു.മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ സുനീഷിന്റെ സഹോദരന്റെ ഭാര്യ സുജാതയേയും വനപാലകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

അഴുതമുനിയില്‍ വച്ച് റോഡ് ബ്ലോക്ക് ചെയ്ത് വനപാലകര്‍ വാഹനം പരിശോധന നടത്തിയതിനെ ചോദ്യം ചെയ്തതിനുള്ള പ്രതികാരമായിട്ടാണ് സുനീഷിനേയും വീട്ടമ്മയേയും ഇന്നലെ മര്‍ദ്ദിച്ചതെന്നും സന്തോഷ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി സുനീഷ് ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വരും വഴിയാണ് വനപാലകര്‍ വാഹനം റോഡിന് കുറുകെ ഇട്ടത്. സമീപവാസി കൂടിയായ സുനീഷ് ഇതിനെ ചോദ്യം ചെയ്യുന്നതിനിടെ വനപാലകര്‍ കാറിന്റെ താക്കോല്‍ എടുക്കുകയും ചെയ്തിരുന്നു.ഇത് വലിയ തര്‍ക്കത്തിന് കാരണമായി.ഇതിന് ശേഷമാണ് പിറ്റേ ദിവസം മൂന്ന് ഉദ്യോഗസ്ഥരെത്തി സുനീഷിനെ ജോലിക്കിടെ വിളിച്ചിറക്കി മര്‍ദ്ദിച്ചതെന്നും സന്തോഷ് പറഞ്ഞു.എന്നാല്‍ എയ്ഞ്ചല്‍വാലി ആറാട്ടുകയം മേഖലയില്‍ അനധികൃത മണല്‍ വാരല്‍ നടക്കുന്നതായുള്ള പരാതിയില്‍മേല്‍ പരിശോധന നടത്തുന്നതിനിടെ സുനീഷ് അസഭ്യം പറഞ്ഞുവെന്നും പിറ്റേ ദിവസം ഇത് അന്വേഷിക്കാനെത്തിയ ഉദ്ദ്യോഗസ്ഥരെ നാട്ടുകാരും, മണല്‍ മാഫിയയിലെ ചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും എഴുകുമണ്‍ റേഞ്ച് ഓഫീസര്‍ അജയഘോഷ് പറഞ്ഞു.

എന്നാല്‍ സുനീഷിനെ മര്‍ദ്ദിച്ച സംഭവവും -മണല്‍ വാരലും ചേര്‍ത്ത് കേസ് അട്ടിമറിക്കാനാണ് വനപാലകര്‍ ശ്രമിക്കുന്നത്. മണല്‍ വാരലുമായി യാതൊരു ബന്ധവുമില്ലാത്ത സുനീഷിനെയും, ബന്ധുവായ വീട്ടമ്മയേയും മര്‍ദ്ദിച്ചത് നീതീകരിക്കാനാവില്ല.സുനീഷിന്റെ പരാതിയിന്‍മേല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ശ്രീകുമാറിനെതിരേയും, ഇദ്ദേഹത്തിന്റെ പരാതിയിന്‍മേല്‍ സുനീഷും, മറ്റ് രണ്ടു പേര്‍ക്കെതിരെയും കേസെടുത്തതായി എരുമേലി പോലീസ് എസ് എച്ച് ഒ . ആര്‍ മധു പറഞ്ഞു .