Monday, April 29, 2024
EntertainmentkeralaNewspolitics

ചില കലാകാരന്മാര്‍ പ്രതികരിക്കണമെങ്കില്‍ പിബി പറയണം: സൂര്യകൃഷ്ണമൂര്‍ത്തി

തിരുവനന്തപുരം കേരളത്തിലെ സംഭവവികാസങ്ങളോട് പ്രതികരിക്കണമെങ്കില്‍ ചിലര്‍ക്ക് പോളിറ്റ് ബ്യൂറോയുടെ അഭിപ്രായം വരുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നുവന്നെ് സൂര്യകൃഷ്ണമൂര്‍ത്തി. ഒരു വ്യക്തിയെ പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയാല്‍ പോലും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ ഇവര്‍ പ്രതികരിക്കാറുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു. തപസ്യ കലാസാഹിത്യവേദിയുടെ തിരുവന്തപുരം ജില്ലാ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് കലാകാരന്മാരുടെ കടമയാണ്. രാമായണവും മഹാഭാരതവും പോലുള്ള മഹദ്ഗ്രന്ഥങ്ങള്‍ ചോദ്യം ചോദിക്കാനുള്ള നിരവധി അവസരങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ മറ്റു ചില മതഗ്രന്ഥങ്ങള്‍ ഓരോ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നിഷേധിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുക തന്നെ വേണം. കടുകുമണിയോള്ളമുള്ള ചോദ്യം ഇന്ന് ചെറിയ ഓളങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുകയെങ്കിലും അത് നാളെ വലിയ തിരമാലയായി മാറും. മൂര്‍ച്ചയേറിയ വാക്കുകളും തൂലികയും ചിലങ്കയും കൊണ്ട് കലാകാരന് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ പ്രസ്ഥാനത്തിന് ‘സൂര്യ’ എന്ന് പേരിട്ടപ്പോള്‍ പലരും എതിര്‍ത്തതായും അദ്ദേഹം പറഞ്ഞു. സൂര്യനെയും ഗണപതിയെയും സ്തുതിച്ചുകൊണ്ട് പരിപാടികള്‍ അവതരിപ്പിക്കുന്നതിലും പലരും എതിര്‍പ്പറിയിക്കാറുണ്ട്. എന്നാല്‍ അവയെല്ലാം അവഗണിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നത് ഈശ്വരന്‍ തന്ന അനുഗ്രഹമുള്ളതുകൊണ്ടാണെന്നും സൂര്യകൃഷ്ണമൂര്‍ത്തി പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി.