Monday, May 6, 2024
keralaNews

അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് സാമ്പത്തിക സഹായവുമായി മോട്ടോർ വാഹന വകുപ്പിൻ്റെ എരുമേലി സേഫ് സോൺ ടീം.

കഴിഞ്ഞ ദിവസം പാറത്തോട് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ്  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാറത്തോട് ഇടപറമ്പിൽ വീട്ടിൽ സാബുവിൻ്റെയും ലൈലയുടെയും മകളായ ഷാനി സാബുവിൻ്റെ വീട് സന്ദർശിച്ച് മോട്ടോർ വാഹന ഉദ്യോഗസ്ഥരും സേഫ് സോൺ ടീം അംഗങ്ങളും.ഷാനി സാബുവിൻ്റെ ചികിത്സക്കുവേണ്ടിയാണ് ഈ പ്രാവശ്യം എരുമേലി സേഫ് സോൺ ടീം മുന്നിട്ടിറങ്ങിയത് . സമൂഹമാധ്യമങ്ങളിൽ കൂടി അപകടത്തിൻ്റെ ദൃശ്യങ്ങൾ വയറൽ ആയതോടുകൂടിയാണ് കുട്ടിയുടെ ചികിത്സക്കായി സേഫ് സോൺ ടീം പണം സമാഹരിക്കാൻ തുടങ്ങിയത്.ഒരു ദിവസം കൊണ്ട് തന്നെ 30000/- ത്തോളം രൂപ സേഫ് സോൺ ടീമിന് സമാഹരിക്കാൻ സാധിച്ചു. ഇതിനായി പ്രവർത്തിച്ചത് എരുമേലിയിലുള്ള സേഫ് സോൺ കൺട്രോൾ റൂമിൽ ജോലി നോക്കിയിരുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഡ്രൈവർമാരും അവരുടെ പരിചയത്തിലുള്ള കുറച്ച് സുമനസ്സുകളും ആണ്.ഈ കുട്ടിയുടെ തുടർ ചികിത്സക്കായി ഇനിയും പണം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് എരുമേലി സേഫ് സോണിൻ്റെ ചീഫ് കൺട്രോളിംഗ് ഓഫീസറായ ഷാനവാസ് കരീം അറിയിച്ചു. കൺട്രോളിംഗ് ഓഫീസിലെ ഉദ്യോഗസ്ഥരായ MVI റാംജി കെ കരൺ ,അനീഷ് കുമാർ ജി ,സാബു എ ,AMVI – മാരായ ഹരികൃഷ്ണൻ ,അൻഷാദ് ,ഷാജൻ, ഡ്രൈവറായ റെജി എ സലാം കൂടാതെ സേഫ് സോണിൽ ജോലി നോക്കി വന്ന പന്ത്രണ്ടോളം ഡ്രൈവർമാരുമാണ് ഈ ഒരു നല്ല കാര്യത്തിന് മുന്നിട്ടിറങ്ങിയത്.ഈ വർഷം അയ്യപ്പഭക്തരുടെ വരവ് കുറവായതിനാൽ മനുഷ്വത്ത്വപരമായ ഇത്തരം കാര്യങ്ങളും റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളും നടത്തിയാണ് സേഫ് സോൺ എരുമേലി ജനശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ ശബരിമല സീസണിലും സെറബസ്സിൻ്റെയും ഔർ ലേഡി ബസ്സിൻ്റെയും ഉടമകളുടെ സഹായത്തോടുകൂടി രണ്ട് നിർദ്ദന കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നല്കി കൊണ്ട് എരുമേലി സേഫ് സോൺ ടീം മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു.