Monday, May 6, 2024
keralaNews

ഭാര്യ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.

തൃശ്ശൂര്‍: തളിക്കുളത്ത് ഭാര്യ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് ആസിഫിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം മുഹമ്മദ് ആസിഫ് ഒളിവില്‍ പോയ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ശനിയാഴ്ച തളിക്കുളം നമ്പിക്കടവിലെ വീട്ടില്‍ വച്ചാണ് ഹഷിതയെയും (25) അച്ഛന്‍ നൂറുദ്ദീനെയും (55) അമ്മ നീസമയെയും (50) ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹഷിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പ്രസവ ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന ഹഷിതയേയും കുഞ്ഞിനേയും കാണാനായി വീട്ടിലെത്തിയ ശേഷമായിരുന്നു മുഹമ്മദ് ആസിഫ് ആക്രമണം അഴിച്ചുവിട്ടത്.

ബന്ധുക്കള്‍ക്കൊപ്പമാണ് മുഹമ്മദ് ആസിഫ് ഭാര്യ വീട്ടില്‍ എത്തിയത്. ഭാര്യയെയും നവജാത ശിശുവിനെയും കണ്ട ശേഷം ബന്ധുക്കള്‍ പുറത്തിറങ്ങി. ഇതിനു പിന്നാലെ ഭാര്യയുടെ മുറിയില്‍ കയറി ആസിഫ് വാതിലടച്ചു. കുറേനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യാ പിതാവ് നൂറുദ്ദീന്‍ കതകില്‍ തട്ടുകയായിരുന്നു. കതക് തുറന്നപ്പോള്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹഷിതയെയാണ്. തടയാന്‍ ശ്രമിക്കവേ, നൂറുദ്ദീനെയും ഭാര്യ നസീമയെയും ആസിഫ് ആക്രമിച്ചു. നൂറുദ്ദീന്‍ ചികിത്സയിലാണ്. ഇദ്ദേഹം അപകട നില തരണം ചെയ്തിട്ടുണ്ട്. പ്രതി ലഹരി മരുന്നിന് അടിമയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി.