Thursday, May 2, 2024
keralaLocal News

കൃഷി നാശം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശിച്ചു.

എരുമേലി കാട്ടുപന്നികളുടെ ആക്രമണം മൂലം കൃഷി നശിച്ച എരുമേലി ഗ്രാമപഞ്ചായത്തിന്റെ 15, 16 വാര്‍ഡുകളില്‍പ്പെട്ട മുട്ടപ്പള്ളി, പാണപിലാവ്, അറുവാച്ചാന്‍ക്കുഴി, ഗോവിന്ദന്‍ കവല തുടങ്ങിയ പ്രദേശങ്ങളിലെ കൃഷി ഭൂമികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ സന്ദര്‍ശിച്ചു. കൃഷിക്കാര്‍ നട്ടു വളര്‍ത്തിയ വാഴ, കപ്പ, ചേമ്പ്, ചേന, കാച്ചില്‍, കശുമാവിന്‍ തൈകള്‍, കമുങ്ങിന്‍ തൈകള്‍, റബ്ബര്‍ തൈകള്‍ തുടങ്ങിയ കൃഷികളെല്ലാം കാട്ടുപന്നിക്കൂട്ടം വ്യാപകമായ നാശനഷ്ടം വരുത്തി. ഈ പ്രദേശങ്ങളില്‍ നൂറോളം കര്‍ഷകരുടെ കൃഷി ഭൂമികളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചിട്ടുള്ളത്. കൃഷി ഭൂമികള്‍ സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് കര്‍ഷകര്‍ തങ്ങളുടെ പരാതികളും ആവലാതികളും ഉന്നയിച്ചു.വനം വകുപ്പുമായി ബന്ധപ്പെട്ട്, കൃഷി നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി. കൂടാതെ കാട്ടുപന്നികള്‍ കൃഷി ഭൂമിയില്‍ പ്രവേശിക്കാതെ തടയുന്നതിനുള്ള ശാശ്വത പരിഹാരം ആലോചിക്കുന്നതിന് കര്‍ഷകരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു കൂട്ടി പരിഹാരമാര്‍ഗ്ഗങ്ങള്‍ ആരായുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.