Monday, May 6, 2024
Local NewsNewspolitics

മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പട്ടികജാതി കോളനിയായ മൂക്കംപെട്ടി ഐഎച്ച്ഡിപി കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതിയില്‍ പെടുത്തി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അറിയിച്ചു.                                                               കോളനിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മാണം, നടപ്പാതകളുടെ പുനരുദ്ധാരണം , കിണര്‍ നവീകരണം, കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നീ പ്രവര്‍ത്തികളാണ് ഒരു കോടി രൂപ ഉപയോഗിച്ച് നടപ്പാക്കുക എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിന് അക്രെഡിറ്റഡ് ഏജന്‍സിയായ സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.                                                                                 അടുത്തമാസം നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ച് പരമാവധി വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു. ഇതുകൂടാതെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍പ്പെടുത്തി എരുമേലി ഗ്രാമപഞ്ചായത്ത് 14-)ീ വാര്‍ഡിലെ എരുത്വാപ്പുഴ മലവേടര്‍ കോളനി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 17-)ീ വാര്‍ഡിലെ ചെറുമല ഐഎച്ച്ഡിപി കോളനി, 3-)ീ വാര്‍ഡിലെ മുറികല്ലുംപുറം പട്ടികജാതി കോളനി എന്നീ കോളനികള്‍ക്കും ഫണ്ട് അനുവദിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ച് സമര്‍പ്പിച്ചിട്ടുണ്ടെന്നും, പ്രസ്തുത പദ്ധതികള്‍ക്കും സമീപഭാവിയില്‍ ഭരണാനുമതി ലഭിക്കുമെന്നും എംഎല്‍എ അറിയിച്ചു.