Friday, May 10, 2024
keralaNewspolitics

വന്യമൃഗ ശല്യം: നിയമഭേദഗതി ആവശ്യം: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

തിരുവനന്തപുരം : കേരളത്തില്‍ സമീപ നാളുകളിലായി വര്‍ദ്ധിച്ചുവരുന്ന മനുഷ്യ- വന്യജീവി സംഘര്‍ഷം മൂലം കൃഷിനാശവും, ജീവനാശവും, വര്‍ദ്ധിച്ചുവരുന്നതായും ഇതിനു പരിഹാരം കാണുന്നതിന് പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതോടൊപ്പം നിയമ ഭേദഗതി വരുത്തി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചുകൊണ്ട് ആവശ്യപ്പെട്ടു. കാടുകളുടെ വിസ്തൃതിയില്‍ ജീവിക്കാന്‍ കഴിയുന്നതിലധികം വന്യമൃഗങ്ങള്‍ വര്‍ധിച്ചതും, കാടിനുള്ളില്‍ വന്യമൃഗങ്ങള്‍ക്കുള്ള ആഹാരവും, വെള്ളവും മതിയാകാതെ വന്നതുമാണ് വന്യജീവികള്‍ കാടിനു പുറത്തേക്ക് വന്നു കൃഷിഭൂമികള്‍ നശിപ്പിക്കുന്നതെന്നും, ആളുകള്‍ക്ക് ജീവനാശത്തിനും ഇടവരുത്തുന്നത് എന്നും എം എല്‍ എ സഭയില്‍ പറഞ്ഞു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കണമലയില്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വീടുകളിലായിരുന്ന രണ്ടാളുകളെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയതും, ജനവാസ മേഖലകളില്‍ നിന്നും കാട്ടുപോത്തിനെയും, പുലിയെയും പിടികൂടാന്‍ ഇട വന്നതും, നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമികള്‍ വന്യ മൃഗങ്ങള്‍ നശിപ്പിക്കാന്‍ ഇട വന്നതും, നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വന നിയമത്തിലും, കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും,അതോടൊപ്പം സംസ്ഥാനത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നിയമഭേദഗതിക്ക് ശ്രമിക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു. വന്യജീവികളുടെയും പക്ഷിമൃഗാദികളുടെയും സംരക്ഷണം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാകയാല്‍ ഇക്കാര്യത്തില്‍ ഭരണഘടനയുടെ അനുച്ഛേദം 254(2) പ്രകാരം സംസ്ഥാന നിയമസഭകള്‍ക്കും നിയമനിര്‍മ്മാണം നടത്താന്‍ കഴിയുമെന്നും, ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ അംഗീകാരം നേടിയാല്‍ മതി എന്നുമുള്ള ഭരണഘടന വ്യവസ്ഥയും അദ്ദേഹം നിയമസഭയില്‍ ഗവണ്‍മെന്റിനു മുന്‍പാകെ ചൂണ്ടിക്കാട്ടി . നിയമഭേദഗതിയിലൂടെ കൃഷിഭൂമിയില്‍ ഇറങ്ങുന്ന മൃഗങ്ങളെ കൊന്നുകളയാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കണമെന്നും, നിര്‍ദിഷ്ട കാലയളവുകളില്‍ നിയന്ത്രിത മൃഗ വേട്ട അനുവദിക്കണമെന്നും , മൃഗങ്ങള്‍ക്ക് കൃത്രിമ ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും,അതിനൊക്കെ ആവശ്യമായ നിയമ ഭേദഗതിയിലൂടെ മാത്രമേ ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം സാധ്യമാകൂ എന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി. സബ്മിഷന് മറുപടി പറഞ്ഞ വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ നിയമപരിഷ്‌കരണം പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഇതര പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും അറിയിച്ചു.