Monday, May 13, 2024
keralaNewspolitics

തുണിയില്‍ ഗര്‍ഭിണിയെ ചുമന്നത് കേരളത്തിനാകെ അപമാനം: നടപടി വേണം ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടി ആനവായില്‍ ഗര്‍ഭിണിയെ തുണിയില്‍ ചുമന്നത് കേരളത്തിനാകെ അപമാണെന്നും ഈ ദുരവസ്ഥക്ക് കാരണക്കാരായ
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാവ് ചെന്നിത്തല. കേരളത്തിനാകെ അപമാനമുണ്ടാക്കുന്ന സംഭവമാണ് തുണിയില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചത്.   ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടത്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി താന്‍ ആ സ്ഥലം സന്ദര്‍ശിച്ചിട്ടുള്ളയാളാണ്. അന്ന് അവിടത്തെ ദുരിതാവസ്ഥ സര്‍ക്കാരിന് മുന്നില്‍ കൊണ്ട് വരാന്‍ താനും സ്ഥലം എം എല്‍ എ ഷംസുദ്ദീനും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും ഫലം കാണാത്തതാണ് ഇത്തരം ദുരവസ്ഥകള്‍ക്ക് കാരണം. സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം വേണം. ഇനിയെങ്കിലും സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന്റെ കാര്യത്തില്‍ കണ്ണ് തുറക്കണം. ഇന്നലെ ഉണ്ടായ സംഭവത്തില്‍ വീഴ്ച പരിശോധിച്ച് കുറ്റക്കാക്കെതിരെ നടപടി എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.