Thursday, May 16, 2024
indiaNews

കോവിഡ് പ്രതിസന്ധി, 50,000 കോടിയുടെ വായ്പാ പദ്ധതി ആര്‍ബിഐ പ്രഖ്യാപിച്ചു.

കൊറോണയുടെ രണ്ടാം തരംഗത്തിലുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ ഫലപ്രദമായ വായ്പാ പദ്ധതിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ സഹായിക്കുന്നതിനുള്ള നടപടികളാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. 2022 മാര്‍ച്ച് 31 വരെയാകും പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുക. ആശുപത്രികള്‍, ഓക്സിജന്‍ വിതരണക്കാര്‍, വാക്സിന്‍ ഇറക്കുമതിക്കാര്‍, കൊറോണ പ്രതിരോധ മരുന്നുകള്‍, കൊറോണയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി മുന്‍ഗണനാ ക്രമത്തില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. മഹാമാരിക്കെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.

ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ അനുവദിക്കും. 35,000 കോടി രൂപമൂല്യമുള്ള സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ആര്‍ബിഐ വാങ്ങും. ഇതിലൂടെ സര്‍ക്കാരിന് കൂടുതല്‍ പണം ലഭിക്കും. ദീര്‍ഘകാല റിപ്പോ ഓപ്പറേഷന്‍ വഴി സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് 500 കോടി രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കും. ഇതിന് പുറമെ ജനങ്ങള്‍ക്കും വാണിജ്യ, വ്യാപാരമേഖലയ്ക്കും ഗുണകരമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.