Sunday, May 19, 2024
keralaNewspolitics

 റാന്നി സീറ്റിന് വേണ്ടി കേരളാ കോണ്‍ഗ്രസ് എം.

എല്‍ഡിഎഫില്‍ സീറ്റ് വിഭജനത്തിന് മുമ്പേ മത്സരിക്കേണ്ട മണ്ഡലങ്ങള്‍ കണ്ടെത്തി കേരളാ കോണ്‍ഗ്രസ് എം. പത്തനംതിട്ടയില്‍ ഒരു സീറ്റ് ജോസ് കെ മാണി ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് ഏത് സീറ്റാവണം എന്ന കാര്യത്തിലാണ് ഇപ്പോള്‍ ചെറിയ തര്‍ക്കമുള്ളത്. എല്‍ഡിഎഫില്‍ റാന്നി സീറ്റിനായി സമ്മര്‍ദവും തുടങ്ങി. ഒരു സീറ്റ് ജില്ലയില്‍ കിട്ടുമെന്ന് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്‍.എം രാജു പറഞ്ഞു. അതേസമയം ഈ സീറ്റ് എളുപ്പത്തില്‍ കേരളാ കോണ്‍ഗ്രസിന് കിട്ടില്ല. ഇവിടെ അഞ്ച് വട്ടം എംഎല്‍എയായ രാജു എബ്രഹാമുണ്ട്.കേരളാ കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ റാന്നിയില്‍ മത്സരിക്കാനായി നീക്കങ്ങള്‍ ആരംഭിച്ചതാണ്. റാന്നി തന്നെയാണ് പത്തനംതിട്ടയിലെ സീറ്റെന്നാണ് വിലയിരുത്തല്‍. രാജു എബ്രഹാം ഈ സീറ്റ് വിട്ടുകൊടുക്കുമോ എന്നാണ് അറിയാനുള്ളത്. സീറ്റ് വിട്ടുകൊടുത്താല്‍ പത്തനംതിട്ടയില്‍ സിപിഎം രണ്ട് സീറ്റിലേക്ക് ചുരുങ്ങും. ജനതാദള്‍ മത്സരിക്കുന്ന തിരുവല്ല മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള സാധ്യതയും കുറവാണ്. കോന്നിയിലും ആറന്മുളയിലും സിറ്റിംഗ് എംഎല്‍എമാര്‍ തന്നെ മത്സരിക്കും. ജനീഷ് കുമാറിനോടും വീണാജോര്‍ജിനോടും കോന്നിയിലും ആറന്മുറളയിലും പ്രചാരണം ആരംഭിക്കാന്‍ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്തുണ്ടാക്കിയ നേട്ടത്തെ തുടര്‍ന്നാണ് 15 സീറ്റുകളെന്ന ആവശ്യം ഉയര്‍ന്നത്. 13 സീറ്റും ഒപ്പം രാജ്യസഭാ സീറ്റും എന്നതായിരുന്നു എല്‍ഡിഎഫില്‍ എത്തിയാല്‍ ഉണ്ടായിരുന്ന ധാരണ.പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, റാന്നി, പൂഞ്ഞാര്‍, ഇരിക്കൂര്‍, അതല്ലെങ്കില്‍ പേരാവൂര്‍, പിറവം, എന്നിവയാണ് ആവശ്യപ്പെടുന്നത്.