Monday, May 6, 2024
keralaNews

രണ്ടുവര്‍ഷത്തിന് ശേഷം ‘രാജാ രവിവര്‍മ്മ പുരസ്‌കാരം’ നല്‍കുന്നു .

ചിത്ര – ശില്പകലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്കുവേണ്ടി കേരള സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാരവിവര്‍മ്മയുടെ പേരിലുള്ള പുരസ്‌കാരമാണ് പാരിസ് വിശ്വനാഥനും,ബി ഡി ദത്തനുമാണ് നല്‍കുന്നത്.മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പുരസ്‌കാരം നല്‍കിയിരുന്നില്ല. 2018 ലേത് പാരിസ് വിശ്വനാഥനും,2019 ലേത് ബി ഡി ദത്തനുമാണ് നല്‍കുന്നത്.

പാരീസ് വിശ്വനാഥന്‍.

1940 ജനുവരി 1 ന് കൊല്ലം തൃക്കടവൂരിലാണ് ജനിച്ചത്. 1960 ല്‍ മദ്രാസില്‍ ഗവ: സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു. അന്നത്തെ പ്രിന്‍സിപ്പലായിരുന്ന കെ സി എസ് പണിക്കരുടെ ശിഷ്യനായി.ചോളമണ്ഡലം കലാഗ്രാമത്തിന്റെ സ്ഥാപിച്ച് ഇരുവരും സജീവ സാന്നിധ്യവുമായി.പിന്നീടാണ് അദ്ദേഹം പാരീസിലേക്ക് പോയി . അങ്ങിനെ അദ്ദേഹം പാരീസ് വിശ്വനാഥന്‍ എന്ന് അറിയപ്പെട്ടു.

1967 ല്‍ പാരീസ് ബിനാലെ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഭാരതത്തിലെ വിവിധഭാഗങ്ങളിലും പാരീസ്, ഇറ്റലി, സ്വീഡന്‍, ഡെന്മാര്‍ക്ക് മെക്‌സിക്കോ, വെനിസ്വല, ന്യൂയോര്‍ക്ക്, സ്പെയിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രദര്‍ശനം നടത്തിയിട്ടുണ്ട്. പൃഥ്വി, അഗ്‌നി, ജെല്‍, വായൂ, ആകാശം തുടങ്ങി അഞ്ചു ചെറിയ സിനിമകളുടെ പാരമ്പരയായ ‘പഞ്ചഭൂത’ സംവിധാനം ചെയ്തു. ഇതില്‍ മൂന്നെണ്ണത്തിന്റെ ഛായാഗ്രാഹകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു. മികച്ച ഡോക്കുമെന്ററിക്കുള്ള പുരസ്‌കാരം 1986 ല്‍ ഫ്‌ലോറന്‍സില്‍ വെച്ചു നടന്ന ഫെസ്റ്റിവലില്‍ പാരീസ് വിശ്വനാഥന് ലഭിച്ചു.’നീയെവിടെ പ്രിയപ്പെട്ട വാന്‍ഗോഗ് ‘ എന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്‌കാരം, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജാരവിവര്‍മ്മ പുരസ്‌കാരവും ലഭിച്ചു.

ബി ഡി ദത്തന്‍.

1946 നവംബര്‍ 15 ന് തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം ഗവ: സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ഡിപ്ലോമ നേടി. ഡല്‍ഹി നാഷണല്‍ ബാലഭവന്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജവാഹര്‍ ബാലഭവനിലെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായിരുന്നു ദീര്‍ഘകാലം. തിരുവനന്തപുരം ടൗണ്‍ പ്ലാനിങ് വിഭാഗം, മ്യൂസിയം, സര്‍വ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ ആര്‍ട്ടിസ്റ്റ്/ ആര്‍ട്ട് വിഭാഗം മേധാവി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, മൂന്നു തവണ കേരള ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം ഏഴു തവണ ലഭിച്ചിട്ടുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെതേടി എത്തിയിട്ടുണ്ട്. അനേകം ചിത്രകലാ പ്രദര്‍ശനങ്ങളിലും ചിത്രകലാ ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിന്റെ ചിത്രശേഖരമുണ്ട്.