Sunday, May 5, 2024
keralaNewsUncategorized

യുഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശനം ;പിസി ജോർജിന്റെ  നീക്കങ്ങൾ പ്രതിസന്ധിയിൽ.

 പൂഞ്ഞാർ എംഎൽഎ  പി.സി ജോർജ്ജ് യു ഡി എഫ് മുന്നണിയിലേക്ക് ചേക്കേറാനുള്ള നീക്കം  പ്രതിസന്ധിയിൽ.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പിസി ജോർജ് എംഎൽഎ നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ചിലയിടങ്ങളിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏതെങ്കിലും മുന്നണിയിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തിയത്. ഇതിനായി  പാർട്ടിയിൽ നാലംഗ ഉപസമിതിയും രൂപീകരിക്കുകയും, യുഡിഎഫ് മുന്നണിയിലേക്ക് ചേക്കേറാനുള്ള പ്രാഥമിക ചർച്ചകളും  നടത്തിയിരുന്നു.എന്നാൽ  യുഡിഎഫിലെ  ഘടകകക്ഷിയായ  മുസ്ലീം ലീഗ്  പി സി ജോർജിന്റെ  വരവിനെതിരെ ശക്തമായി രംഗത്തെത്തിയതോടെയാണ് യുഡിഎഫ്  മുന്നണി പ്രവേശനത്തിൽ  പ്രതിസന്ധി നേരിടുന്നത്.

പിസി ജോർജ് എംഎൽഎ അടുത്ത കാലത്ത് ചില മോശമായ പരാമർശം നടത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു . ഇതേ തുടർന്ന്  കഴിഞ്ഞദിവസം പരസ്യമായി ക്ഷമാപണവും നടത്തിയിരുന്നു , എന്നാൽ മോശം പരാമർശത്തിനെതിരെ  പ്രതിഷേധം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തിനെതിരെ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നുതന്നെ മുസ്ലീം  ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . ഏതെങ്കിലും മുന്നണിയിൽ നിൽക്കാതെ ഇനി നിയമസഭാതെരഞ്ഞെടുപ്പിനെ
നേരിടാൻ  കഴിയില്ലെന്ന് കഴിഞ്ഞ ദിവസം എരുമേലിയിൽ വച്ച്  പി സി ജോർജ് വ്യക്തമാക്കിയിരുന്നു.
 എന്നാൽ മോശം പരാമർശം നടത്തിയത് സംബന്ധിച്ച് ചർച്ചകൾ നടത്തി പരിഹരിച്ചുവെന്നും നിലവിൽ  പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കഴിഞ്ഞദിവസം  പിസി ജോർജ് ഈരാറ്റുപേട്ടയിൽ വച്ച്  പറഞ്ഞിരുന്നു . ഇതിനെ തൊട്ടുപിന്നാലെയാണ് യുഡിഎഫ് ലേക്കുള്ള പ്രവേശത്തിനെതിരെ മുസ്ലീം  യൂത്ത് ലീഗും രംഗത്തെത്തിയിരിക്കുന്നത് .എംഎൽഎയുടെ  മോശം പരാമർശത്തിൽ വേദനിച്ചവരിൽ  ഇപ്പോഴും പ്രതിഷേധം നിലനിൽക്കുകയാണ്  .
പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചുവെന്ന് പറയുമ്പോഴും പ്രതിഷേധവും ശക്തമാക്കുകയാണ്.
പിസി ജോർജ്  യുഡിഎഫിൽ ചേർന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമെന്നും ഇത്  വൻ  പരാജയത്തിന് വഴി തെളിയിക്കുമെന്നും ഘടകകക്ഷിയായ മുസ്ലീം ലീഗ്  പറയുന്നു.
എന്നാൽ പിസി ജോർജിനെ  മുന്നണിയിലെടുക്കുന്നതിനെതിരെ മുന്നണിയിലെ മറ്റുപല ഘടകകക്ഷികൾക്കും വിയോജിപ്പ് ഉണ്ടെന്നാണ് സൂചന . ഇത്  പല നേതാക്കളും പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.യുഡിഎഫിലെ പല  ആഭ്യന്തര  പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ  എല്ലായിപ്പോഴും മുൻകൈ എടുക്കുന്ന  മുസ്ലിം ലീഗ്  തന്നെ ഇത്തവണ പി സി ജോർജ്ജിനെതിരെ രംഗത്തെത്തിയത്  വളരെ ഗൗരവമായാണ് കാണുന്നത്.യുഡിഎഫ് മുന്നണിയിലേക്കുള്ള  പ്രവേശനം സംബന്ധിച്ച് പി സി ജോർജ്  ആഗ്രഹം മാത്രമാണ് പറഞ്ഞതെന്നും,ഇത്തരത്തിലുള്ള ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ആന്റോ ആന്റണി എംപി കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ വച്ച്  പറഞ്ഞിരുന്നു.
യുഡിഎഫിലേക്കുള്ള പ്രവേശനത്തിൽ നിബന്ധനകൾ ഒന്നും  മുന്നോട്ടു വെക്കില്ലെന്ന് പിസി  ജോര്‍ജ് വ്യക്തമാക്കിയിരുന്നു.നിയമ സഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം മാറി പാല , കടുത്തുരുത്തി,ഏറ്റുമാനൂർ എന്നീ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനുള്ള നീക്കവും നടത്തുന്നുണ്ട് . ഇവിടെ മത്സരിക്കണമെങ്കിൽ യുഡിഎഫിലോ – എൽ ഡി എഫിലോ ചേരുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല . തിരഞ്ഞെടുപ്പിൽ  ഒറ്റയ്ക്ക്  മത്സരിക്കാനുള്ള ശ്രമം ജനപക്ഷം പാർട്ടിയുടെ തോൽവിക്ക് കാരണമാകുമെന്ന വിലയിരുത്തലാണുള്ളത്.എന്നാൽ എൽഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശനം  ഏതാണ്ട് അടഞ്ഞ അധ്യായം തന്നെയാണ്.