Thursday, May 9, 2024
keralaNews

ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ തയ്യാറായി.

കൈറ്റ് വിക്ടേഴ്‌സിലൂടെ ജൂണ്‍ ഒന്നുമുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ തയ്യാറായി.ജൂണ്‍ ഒന്നുമുതല്‍ നാലുവരെ രാവിലെ 10.30-നായിരിക്കും അങ്കണവാടിക്കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ സംപ്രേക്ഷണം. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴുമുതല്‍ 10 വരെ നടത്തും.പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴുമുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടരമുതല്‍ 10 മണി വരെയും വൈകുന്നേരം അഞ്ചുമുതല്‍ ആറുമണി വരെയുമായി ദിവസവും അഞ്ചുക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ടുമുതല്‍ നാലുവരെയായിരിക്കും.ഇതേ ക്ലാസുകള്‍ ഇതേ ക്രമത്തില്‍ ജൂണ്‍ 7 മുതല്‍ 9 വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താംക്ലാസിനുള്ള മൂന്നുക്ലാസുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ ഒന്നരവരെയാണ്.ഒന്നാംക്ലാസുകാര്‍ക്ക് രാവിലെ 10-നും രണ്ടാം ക്ലാസുകാര്‍ക്ക് 11-നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30-നുമാണ് ക്ലാസുകള്‍.
നാല് (ഉച്ചയ്ക്ക് 1.30), അഞ്ച് (ഉച്ചയ്ക്ക് രണ്ട്), ആറ് (ഉച്ചയ്ക്ക് രണ്ടര), ഏഴ് (ഉച്ചയ്ക്ക് മൂന്ന്), എട്ട് (ഉച്ചയ്ക്ക് മൂന്നര) എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും. ഒമ്ബതാം ക്ലാസിന് വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ രണ്ടു ക്ലാസുണ്ടായിരിക്കും.ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുക. ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in-ല്‍ ഒരുക്കും.

ഇന്നത്തെ ടൈംടേബിള്‍

  •  രാവിലെ എട്ട് -വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ സന്ദേശം
  • 8.10- പുതിയ സ്‌കൂള്‍ വര്‍ഷം -ഗോപിനാഥ് മുതുകാട്
  •  8.30- സ്‌കൂള്‍ പ്രവേശനോത്സവം- ലൈവ്
  • 9.30- കുട്ടികളുടെ സ്‌കൂള്‍ അനുഭവങ്ങള്‍
  •  10.30- (പ്രീ പ്രൈമറി)- കിളിക്കൊഞ്ചല്‍
  •  11.00- ഉള്ളറിയാന്‍ ഉള്ളം നിറയാന്‍- ഡോ. മുരളി തുമ്മാരുകുടി, ഡോ. പീയുഷ് ആന്റണി
  •  11.30- പ്രമുഖ വ്യക്തികളുടെ ആശംസകള്‍
  •  12.00- ഗോത്ര സംസ്‌കൃതി
  •  12.30- കേരളീയ താളമേളങ്ങള്‍
  •  01.00- മഹാകവി മോയിന്‍കുട്ടി വൈദ്യര്‍
  •  01.30-മുഖത്തെഴുത്ത്
  •  02.00- ലൈവ് ഫോണ്‍ ഇന്‍- ഡോ. ജയപ്രകാശ് (മാനസികാരോഗ്യ വിദഗ്ധന്‍).
  •  വൈകുന്നേരം മൂന്നുമുതല്‍ പരിപാടികളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കും.