Thursday, May 16, 2024
keralaNewspolitics

പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക വോട്ടിങ് കേന്ദ്രം

തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള മൂന്നു ലക്ഷത്തില്‍പരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പരിശീലന കേന്ദ്രങ്ങളിലും ഏപ്രില്‍ 5 ന് പോളിങ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങളിലും വോട്ടിങ് കേന്ദ്രം ഒരുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന നിര്‍ദേശം.പരിശീലന, വിതരണ കേന്ദ്രങ്ങളില്‍ രഹസ്യ സ്വഭാവത്തോടെ തപാല്‍ ബാലറ്റുകളില്‍ വോട്ടു ചെയ്യാന്‍ ‘വോട്ടിങ് കംപാര്‍ട്‌മെന്റുകള്‍’ സജ്ജീകരിക്കണമെന്നും എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇവയ്ക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും പോളിങ് നടപടികള്‍ വിഡിയോയില്‍ പകര്‍ത്താനും നിര്‍ദേശമുണ്ട്.

തപാല്‍ ബാലറ്റുകള്‍ നിക്ഷേപിക്കുന്ന ഡ്രോപ് ബോക്‌സ് സൗകര്യം വരണാധികാരികളുടെ ഓഫിസുകളില്‍ പാടില്ലെന്നും വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കു രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമനക്കത്തിനൊപ്പം തപാല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കും. പൂരിപ്പിച്ച അപേക്ഷകള്‍ പരിശീലന സമയത്തു വോട്ടര്‍ സഹായ കേന്ദ്രങ്ങളില്‍ തിരികെ വാങ്ങണം.

ഇവ പാര്‍ലമെന്റ് മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചു റിട്ടേണിങ് ഓഫിസര്‍മാരുടെ പക്കല്‍ എത്തിച്ചു പിറ്റേന്നു തന്നെ തപാല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ എത്തിക്കണം. ഉദ്യോഗസ്ഥരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചു റജിസ്റ്ററില്‍ കയ്യൊപ്പു വാങ്ങി ബാലറ്റുകള്‍ വിതരണം ചെയ്യും. പിന്നീടു പരിശീലന കേന്ദ്രങ്ങളിലെ വോട്ടിങ് കേന്ദ്രങ്ങളില്‍ ഇവര്‍ക്കു വോട്ടു ചെയ്യാം.

വോട്ടു ചെയ്ത ബാലറ്റും കേന്ദ്രത്തില്‍ നിയമിച്ചിട്ടുള്ള ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ചേര്‍ത്തു നിര്‍ദിഷ്ട കവറിലാക്കി മുദ്ര വച്ച ശേഷം ബാലറ്റ് പെട്ടിയിലിടണം. പെട്ടി മുന്‍കൂട്ടി സീല്‍ ചെയ്യണം. വോട്ടിങ്ങിനു ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്നു ബാലറ്റുകള്‍ തരംതിരിച്ച് അതതു വലിയ കവറുകളിലാക്കി വരണാധികാരികള്‍ക്ക് എത്തിക്കണം. അവര്‍ ഇവ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണം.