Friday, May 17, 2024
EntertainmentkeralaNews

നാളെ ലോകനാടക ദിനം

വേളൂര്‍ പതിനാറില്‍ച്ചിറ അമ്പലത്തറയില്‍ ചെന്നാല്‍ 1970കളിലെ ഷൊര്‍ണൂര്‍ റെയില്‍വേ ലൈന്‍ കാണാം; പിന്നെ റെയില്‍വേ ക്വാര്‍ട്ടേഴ്സും.

ആര്‍ട്ടിസ്റ്റ് സുജാതന്‍ അരനൂറ്റാണ്ടു കാലത്തെ രംഗപടങ്ങള്‍ ഓര്‍മയില്‍ നിന്നു വീണ്ടും വരയ്ക്കുകയാണ്. ഇതുവരെ ചെയ്ത 3500 രംഗപടങ്ങളില്‍ നിന്നു പ്രധാനപ്പെട്ടവ ഓര്‍ത്തെടുത്ത് വരയ്ക്കുകയെന്ന വലിയ ദൗത്യത്തിലാണ് സുജാതന്‍. പണ്ട് ചെയ്ത രംഗപടങ്ങളുടെ ഫോട്ടോകള്‍ പോലും കൈവശമില്ല. ആത്മകഥ എഴുതുന്നതിന്റെ ഭാഗമായാണ് ചിത്രങ്ങള്‍ പുനരാവിഷ്‌കരിക്കുന്നത്.‘അച്ഛന്റെ (ആര്‍ട്ടിസ്റ്റ് കേശവന്‍) പാത പിന്തുടര്‍ന്നാണ് നാടകരംഗത്ത് എത്തിയത്. 1970കളില്‍ അച്ഛനെ സഹായിക്കാന്‍ ഈ രംഗത്ത് സജീവമായി. അതിനു മുന്‍പു തന്നെ ‘വര’ തുടങ്ങിയിരുന്നു. ’73 ല്‍ കോട്ടയം നാഷനല്‍ തിയറ്റേഴ്സിനു വേണ്ടി ‘നിശാഗന്ധി’യെന്ന നാടകത്തിനു സ്വതന്ത്രമായി രംഗപടം ചെയ്തു. ആ നാടകത്തില്‍ രണ്ടു രംഗപടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ഷൊര്‍ണൂരിലെ റെയില്‍വേ ലൈന്‍. മറ്റൊന്ന് റെയില്‍വേ ക്വാര്‍ട്ടേഴ്സും. അതാണ് ഞാന്‍ ആദ്യമായി തനിച്ചു ചെയ്യുന്നത്. ഇത് ഉള്‍പ്പെടെയുള്ളവയുടെ പുനര്‍ചിത്രീകരണമാണ് ഇപ്പോള്‍ മനസ്സിലുള്ളത്’ സുജാതന്‍ പറഞ്ഞു.

കോവിഡ് ഭീഷണി വരുന്നതിനു മുന്‍പു വരെ സുജാതന്‍ നാടകരംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം സൗപര്‍ണിക നാടകസമിതിയുടെ ‘ഷേക്‌സ്പിയര്‍’ എന്ന നാടകത്തിനാണ് അവസാനമായി രംഗപടം ചെയ്തത്.ഇതുവരെ ചെയ്ത രംഗപടങ്ങളില്‍ കാണികളെ ഏറെ വിസ്മയിപ്പിച്ചത് കെപിഎസിയുടെ ‘കൈയും തലയും പുറത്തിടരുത്’ എന്ന നാടകത്തിന്റെ സെറ്റാണ്. 1980 ലാണ് അത് ഒരുക്കിയത്. കഥാപാത്രങ്ങള്‍ ബസില്‍ യാത്ര ചെയ്യുന്ന പ്രതീതി ഉളവാക്കുന്ന രംഗപടത്തിന് ഏറെ സ്വീകാര്യത കിട്ടി.

കൈവിരുതുകള്‍ സുജാതന്റെ വീട്ടിലും ഉണ്ട്. സ്വീകരണമുറിയിലെ ഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്നതു ‘വയലാറിന്റെ സമ്പൂര്‍ണ കൃതികള്‍’ ഉള്‍പ്പെടെയുള്ള കൃതികളാണ്. അതില്‍ ഒന്നു എടുത്തു വായിക്കാന്‍ ശ്രമിച്ചാല്‍ പക്ഷേ, കിട്ടില്ല. കാരണം ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ഷെല്‍ഫും ബുക്കുകളും വരച്ചു വച്ചിരിക്കയാണ്. സ്വീകരണ മുറിയില്‍ നിന്നു കുളിമുറിയിലേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചാലും അമളി പറ്റും. യഥാര്‍ഥ രൂപത്തെ അതിശയിപ്പിക്കും വിധം ഭിത്തിയില്‍ വാതില്‍ വരച്ച് കൈപ്പിടിയും പിടിപ്പിച്ചിരിക്കുകയാണ്.