Saturday, May 18, 2024
keralaNews

ശബരിമലയിലെ ലേലം പോകാത്ത കടകള്‍ വീണ്ടും ലേലത്തിന്…..

ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ലേലം പോകാതെ കിടന്ന കടകള്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനം. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെ തുടര്‍ന്നാണ് കച്ചവടക്കാര്‍ കടകളുടെ ലേലത്തില്‍ നിന്നും പിന്മാറിയത്. കടകള്‍ ലേലത്തിന് പോകാത്തതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ നഷ്ടം 35 കോടി രൂപയാണ്.ശബരിമല തീര്‍ത്ഥാടന കാലത്ത് പ്ലാപ്പള്ളിമുതല്‍ സന്നിധാനം വരെ 252 കടകളാണ് ലേലം ചെയ്യത് നല്‍കുക. പ്ലാപ്പള്ളി മുതല്‍ നിലക്കല്‍ വരെ താല്‍ക്കാലിക ഷെഡുകള്‍ കെട്ടി കച്ചവടം നടത്തുന്നവരും ഇത്തവണ ലേലം കൊള്ളാന്‍ മുന്നോട്ട് വന്നിട്ടില്ല. നിലക്കല്‍ സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ നാമമാത്രമായ കടകള്‍ മാത്രമാണ് ലേലത്തില്‍ പോയത്. കൊവിഡ് പ്രോട്ടോകോള്‍ നിലക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരുടെ ഏണ്ണം പരിമിതപ്പെടുത്തിയതോടെ ലേലത്തില്‍ നിന്നും പലരും പിന്മാറുകയായിരുന്നു.

സന്നിധാനത്തും പമ്പയിലും നാമമാത്രമായ കടകള്‍ മാത്രമാണ് ലേലം കൊണ്ടിട്ടുള്ളത്. പ്ലാപ്പള്ളിമുതല്‍ സന്നിധാനം വരെയുള്ള 118 കടകളാണ് പുനര്‍ ലേലത്തിനായി വച്ചിരിക്കുന്നത്. കടകള്‍ ലേലംചെയ്ത് നല്‍കിയത് വഴി കഴിഞ്ഞ വര്‍ഷം ദേവസ്വം ബോര്‍ഡിന് വരുമാനമായി കിട്ടിയത് 46 കോടിരൂപയാണ് ഇത്തവണ മൂന്ന് കോടിയായി കുറഞ്ഞു.സന്നിധാനം പാണ്ടിതാവളത്തിലെ ഹോട്ടലുകള്‍ ലേലംകൊള്ളാന്‍ ആരും ഇതുവരെ തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. സാധരണ നിലയില്‍ ഹോട്ടലുകള്‍ ലേലം ചെയ്ത് നല്‍കുമ്പോള്‍ ഭേദപ്പെട്ട വരുമാനം ദേവസ്വം ബോര്‍ഡിന് കിട്ടയിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കടകള്‍ വീണ്ടും ലേലം ചെയ്ത് നല്‍കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറാകുന്നത്.