Monday, April 29, 2024
indiaNews

പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

ഇന്‍ഡോര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വൃന്ദ ത്രിപാഠിയാണ് ബുധനാഴ്ച ഉഷാ നഗര്‍ ഏരിയയിലെ സ്‌കൂളില്‍ ബോധരഹിതയായി വീണു മരിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അതിശൈത്യം കാരണമാകാം ഹൃദയസ്തംഭനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്‌സല്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി. കുഴഞ്ഞു വീണ വൃന്ദയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ പെണ്‍കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഹൃദയസ്തംഭനത്തിന് മുമ്പ് വൃന്ദ പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അതിശൈത്യം കാരണമാണ് കുട്ടി മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയഞ്ഞതെന്നും അമ്മാവന്‍ രാഘവേന്ദ്ര ത്രിപാഠി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. കുട്ടിയുടെ താടിയില്‍ ചതവുണ്ടായത് വീഴ്ച കാരണമാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരിക്കുമ്പോള്‍ പെണ്‍കുട്ടി നേര്‍ത്ത ട്രാക്ക് സ്യൂട്ടാണ് ധരിച്ചിരുന്നത്. മരണശേഷം കുടുംബം പെണ്‍കുട്ടിയുടെ കണ്ണുകള്‍ ദാനം ചെയ്‌തെന്ന് ഇന്‍ഡോര്‍ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ഡൊണേഷനുമായി ബന്ധപ്പെട്ട മുസ്‌കാന്‍ ഗ്രൂപ്പിന്റെ സന്നദ്ധപ്രവര്‍ത്തകനായ ജീതു ബഗാനി പറഞ്ഞു.കഠിനമായ തണുപ്പ് സമയമായ പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 വരെ ശരീരത്തിലെ വിവിധ ഹോര്‍മോണുകളുടെ അളവ് ഉയരുകയും രക്തം കട്ടപിടിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ അനില്‍ ഭരണി പിടിഐയോട് പറഞ്ഞു. അതിശൈത്യത്തെ മറികടക്കാന്‍ പോഷകാഹാരം കഴിക്കാനും വ്യായാമം ചെയ്യാനും അദ്ദേഹം ആളുകളെ ഉപദേശിച്ചു.