Friday, March 29, 2024
keralaNews

മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും സംസ്ഥാന സർക്കാർ ജനങ്ങൾക്ക്  നൽകുന്നില്ല : കെ മുരളീധരൻ എം പി 

എരുമേലി: ബഫർ സോൺ -വനഭൂമി വിഷയത്തിൽ,മൃഗങ്ങൾക്ക് നൽകുന്ന പരിഗണന പോലും സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്നില്ലെന്ന്  കെ. മുരളീധരൻ എംപി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ എയ്ഞ്ചൽവാലിയിൽ  ബഫർ സോണിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന്  രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം  മുതിർന്ന കർഷകനായ എബ്രഹാം ജോസഫ് ആന്റോ ആന്റണിക്ക് പാള തൊപ്പി  അണിയിച്ചാണ് സമരം ഉദ്ഘാടനം ചെയ്തത്.സംസ്ഥാന മുഖ്യമന്ത്രിക്കും –  വനം മന്ത്രിക്കുമെതിരെ  രൂക്ഷമായ വിമർശനമാണ് കെ.മുരളീധരൻ എം പി നടത്തിയത്. കർഷകരുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയ മുഖ്യമന്ത്രിയും സർക്കാരും  കർഷകരെ ദ്രോഹിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. സ്വന്തം  വകുപ്പിനെ കുറിച്ച് അറിയാത്ത വനം വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് മുന്നിൽ ബിംബം പോലെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങളുടെ അകമ്പടിയോടെകൂടി പിറ്റി 7 കൊമ്പനാനെ കൊണ്ടുപോയതും
42 ലക്ഷം മുടക്കി നിർമ്മിച്ച ക്ലിപ്പ് ഹൗസിലെ തൊഴുത്തുകൾക്കുമുള്ള ഭാഗ്യം ജനങ്ങൾക്ക് ഇല്ലെന്നും  അദ്ദേഹം പറഞ്ഞു.  ഇങ്ങനെ  തുടർന്നാൽ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ ആനയും – സുൽത്താൻബത്തേരിയിലെ മുനിസിപ്പൽ ചെയർമാന്റെ കസേരയിൽ കടുവയും കയറി  ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഫർസോൺ  വിഷയത്തിൽ സുപ്രീംകോടതി മൂന്നുമാസത്തെ സമയം അനുവദിച്ചിട്ടും കമ്മറ്റി രൂപീകരിച്ച വക്കീലിനെ നിയമിച്ച്  കേസ് നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്  കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് സംരക്ഷിക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
 കസ്തൂരിരംഗൻ – ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിറം പിടിപ്പിച്ച വ്യാജ പ്രചരണത്തിലാണ്  എൽഡിഎഫ് സർക്കാർ യുഡിഎഫിനെ  പരാജയപ്പെടുത്തിയത്.
എന്നിട്ടും  ജനങ്ങളെ എൽഡിഎഫ് സർക്കാർ ദ്രോഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഗ്രഹ സർവ്വേ നടത്തി ജറവാസ മേഖലകളെ വനഭൂമിയാക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചതെന്നും ഒരു കർഷകനെ പോലും കൃഷിഭൂമിയിൽ നിന്നും ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. വന്യജീവികൾക്ക് നൽകുന്ന ആനുകൂല്യം പോലും മനുഷ്യർക്ക് നൽകാത്ത സംസ്ഥാന സർക്കാർ ജനവിരുദ്ധ ഭരണത്തിനെതിരെ പിണറായി സർക്കാർ മാറുന്നത് വരെ ജയിലിൽ കിടക്കാൻ തങ്ങൾ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന് പകരം തള്ള് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും വികസനത്തിന്റെ പെരുമഴ പെയ്ത്  റോഡുകൾ മുഴുവനും കുഴികളായെന്നും അദ്ദേഹം പറഞ്ഞു.കെ .മുരളീധരൻ എംപി, ആന്റോ ആന്റണി എം.പിക്ക്  നാരങ്ങാനീര്  നൽകികയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. എരുമേലി പഞ്ചായത്ത് എയ്ഞ്ചൽവാലി വാർഡ് അംഗം മാത്യു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മോൻസ് ജോസഫ്,കെ പി സി സി  സെക്രട്ടറി അഡ്വ.പി എ സലീം,  ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സമരസമിതി ചെയർമാൻ പി ജെ സെബാസ്റ്റ്യൻ, ഡിസിസി വൈസ് പ്രസിഡന്റ്  പി ജെ വർക്കി,വിവിധ പള്ളികളിലെ വികാരിമാരായ ഫാദർ ജെയിംസ് കൊല്ലംപറമ്പിൽ,ഫാദർ സോജി കുന്നുംപുറത്ത്, തണ്ണിത്തോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കല്ലേത്ത്,ഡിസിസി വൈസ് പ്രസിഡന്റ് ടി കെ സാജു,ജനറൽ സെക്രട്ടറി സതീഷ് പണിക്കർ, മറ്റ്  നേതാക്കളായ ഒ. ജെ കുര്യൻ,സിബി അഴകത്ത്,ബിനു മറ്റക്കര ,സജി മഞ്ഞക്കടമ്പിൽ , അഡ്വ.  പി എ ഷമീർ,റോയ് കപ്പിലുമാക്കൽ, കോൺഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ്  റ്റി. വി ജോസഫ് ,എയ്ഞ്ചൽവാലി വാർഡംഗം മറിയാമ്മ സണ്ണി, പ്രകാശ് പുളിക്കൻ,റെജി അമ്പാറ,  ബിനു മറ്റക്കര തുടങ്ങിയ നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉപവാസ സമരത്തിൽ നൂറ് കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.