Thursday, May 2, 2024
keralaNews

പ്ലാപ്പള്ളിയിലെ അനധികൃത ഹോട്ടല്‍; രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു

പത്തനംതിട്ട: അനധികൃതമായി നടത്തിയ ഹോട്ടല്‍ നഷ്ടത്തിലായതിന് പിന്നാലെ തമ്മിലടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ശബരിമല പാതയിലെ പ്ലാപ്പള്ളിയിലാണ് അധികൃതര്‍ അനധികൃതമായി ഹോട്ടല്‍ നടത്തിയത്. ഹോട്ടലിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വാച്ചര്‍മാരായ നിതിന്‍,അനീഷ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഹോട്ടലില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിതിന്റെ കാലിന് വെട്ടേറ്റു. ഇയാളെ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അനധികൃതമായി ഹോട്ടല്‍ നടത്തിയതിന്റെ പേരില്‍ സ്ഥലം മാറ്റം ലഭിക്കുകയും തുടര്‍ന്ന് അവധിയില്‍ പോവുകും ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മനേഷിന്റെ ആളുകളാണ് വെട്ടിയതെന്ന് നിതിന്‍ പറഞ്ഞു. സേന വിഭാഗമായ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വ്യാപാരം നടത്താന്‍ അനുമതിയില്ലെന്നിരിക്കെയാണ് ഉന്നത വനപാലകരുടെ ഒത്താശയോടെ പ്ലാപ്പള്ളി സ്റ്റേഷനിലെ ബിഎഫ്ഒയും സംഘവും സമീപത്ത് ഹോട്ടല്‍ തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ ആരംഭിച്ച ഹോട്ടല്‍ മകരവിളക്കിന് പിന്നാലെ പൊളിച്ചിരുന്നു. ഹോട്ടലിലെ ഉപകരണങ്ങള്‍ ബിസിനസ് പാര്‍ട്ടണര്‍മാരായ വനപാലകരുടേതായിരുന്നു. ഇത് വാഹനത്തില്‍ കയറ്റി കൊണ്ടുവരുന്നതിനിടെയാണ് ഇരുവരെയും മര്‍ദ്ദിച്ചത്. വനപാലകര്‍ നടത്തിയ അനധികൃത ഹോട്ടലില്‍ പൊറോട്ട അടിച്ചത് തൊണ്ടിമുതലായി ഫോറസ്റ്റ് സ്റ്റേഷനില്‍ കൊണ്ടിട്ടിരുന്ന തടയിലെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടല്‍ പൊളിച്ചപ്പോഴാണ് തൊണ്ടിത്തടി കണ്ടെത്തിയത്. ഇക്കാര്യം പുറത്തറിഞ്ഞതിന് പിന്നാലെ ഫോറസ്റ്റ് വിജിലന്‍സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൊണ്ടി മുതല്‍ കസ്റ്റഡിയിലെടുത്തു.