Tuesday, May 7, 2024
keralaNews

അസംബന്ധം പറയാനല്ല വാര്‍ത്താ സമ്മേളനം ;മാധ്യമങ്ങള്‍ അസംബന്ധങ്ങള്‍ വിളിച്ചു പറയുകയാണ് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്ഷോഭത്തോടെ പ്രതികരിച്ച് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്ത് അസംബന്ധവും വിളിച്ച് പറയുന്ന നാവുണ്ടായത് കൊണ്ട് അത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമൊക്കെ എന്തോ കുറ്റം ചെയ്തവരാണെന്നും, അവരെ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍  വിളിപ്പിക്കാനിരിക്കുകയാണെന്നുമൊക്കെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ആ പൂതി അങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ട് എന്നുള്ളതുകൊണ്ട് എന്തും പറയാന്‍ തയ്യാറാകരുത്. അസംബന്ധം പറയാനല്ല വാര്‍ത്താ സമ്മേളനം. വിജിലന്‍സ് എന്നത് സ്വതന്ത്രമായ ഒരു ഏജന്‍സിയാണ്. മാധ്യമങ്ങള്‍ പറയുംപോലെ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന വിജിലന്‍സ് എന്നൊരു സംഗതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഉണ്ടാവേണ്ട മാനസികാവസ്ഥയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാരുമായുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുമ്പോള്‍, അത് കേള്‍ക്കുന്നതിലല്ല മാധ്യമങ്ങള്‍ക്ക് താത്പര്യം. മറിച്ച് അസംബന്ധങ്ങള്‍ വിളിച്ചു പറുകയാണ്. മാധ്യമങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തമായ ലക്ഷ്യമുണ്ട്. തത്കാലം ആ ലക്ഷ്യത്തിന് മുന്നില്‍ നിന്ന് തരാന്‍ മനസ്സില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.