Monday, April 29, 2024
keralaNews

പത്തനംതിട്ട ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് കേന്ദ്രമൊരുക്കി കൊടുമണ്‍ ഗ്രാമ പഞ്ചായത്ത്.

പത്തനംതിട്ട ജില്ലയിലെ ആദ്യടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമകേന്ദ്രവും കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാരിന്റെ പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി.കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപത്തായി ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അലക്‌സ് പി. തോമസ് നിര്‍വഹിച്ചു.

ജില്ലയിലെ മറ്റ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൊടുമണ്‍ പഞ്ചായത്ത് മാതൃകയാണെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് പറഞ്ഞു. ടേക്ക് എ ബ്രേക്ക് കേന്ദ്രം ആദ്യം ആരംഭിക്കാനായതില്‍ പഞ്ചായത്ത് ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും അദ്ദേഹം അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് ശുദ്ധീകരിച്ച കുടിവെള്ള സൗകര്യവും ടോയ്‌ലറ്റില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ സൗകര്യവും ഉള്‍പ്പെടെയാണ് കൊടുമണ്‍ പഞ്ചായത്ത് വിശ്രമകേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ സമീപത്തായി സന്ദര്‍ശകര്‍ക്ക് ലഘുഭക്ഷണമൊരുക്കി കുടുംബശ്രീ കഫേയും പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് അവസാന വാരത്തിലാണ് ജില്ലയില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ശുചിത്വമിഷനാണ് പദ്ധതിയുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും ഓരോ മുനിസിപ്പാലിറ്റിയിലും യഥാക്രമം രണ്ടും അഞ്ചും വീതം ഉയര്‍ന്ന നിലവാരമുള്ള പൊതുശുചിമുറി സമുച്ചയങ്ങള്‍വീതം നിര്‍മ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്ഥലമുള്ളയിടങ്ങളില്‍ ശുചിമുറിസമുച്ചയങ്ങള്‍ക്കൊപ്പം റിഫ്രഷ്‌മെന്റ്‌സെന്റര്‍കൂടി സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാം. പ്രധാനമായും സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ‘ടേക്ക് എ ബ്രേക്ക്’വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് തദ്ദേശസ്ഥാപന പരിധിയിലുള്ള കുടുംബശ്രീസംരംഭക യൂണിറ്റുകള്‍ക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല.