Thursday, May 2, 2024
indiaNews

പദ്മശ്രീ – പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ദില്ലി: എട്ട് പതിറ്റാണ്ടായി പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്ന് ഗാന്ധിയന്‍ വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍ (99) പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം സ്വാതന്ത്ര്യ സമര സേനാനിയാണ്. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്‌കൃത പണ്ഡിതനാണ്. 20-ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ വൈദ്യശാസ്ത്ര കണ്ടുപിടിത്തങ്ങളില്‍ ഒന്നായ ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിനാണ് പദ്മവിഭൂഷണ്‍.      5 കോടിയോളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ച ഒആര്‍എസ് ലായനിയുടെ കണ്ടുപിടിത്തം തന്നെയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 87 കാരനായ ഇദ്ദേഹം പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. കോളറ അടക്കം രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ വലിയ മുന്നേറ്റമാണ് ഈ കണ്ടുപിടിത്തത്തിലൂടെ സാധ്യമായത്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഡോ രതന്‍ ചന്ദ്ര കൗര്‍, ഗുജറാത്ത് സ്വദേശി ഹിരാബായ് ലോബി, മധ്യപ്രദേശില്‍ നിന്നുള്ള ഡോ മുനീശ്വര്‍ ചന്ദെര്‍ ദവര്‍, അസമിലെ ഹീറോ ഓഫ് ഹെരക എന്നറിയപ്പെടുന്ന രാംകുയ്വാങ്‌ബെ നെവ്‌മെ, ആന്ധ്ര സ്വദേശി സാമൂഹ്യപ്രവര്‍ത്തകന്‍ ശങ്കുരാത്രി ചന്ദ്രശേഖര്‍, തമിഴ്‌നാട്ടുകാരായ പാമ്പ് പിടുത്തക്കാര്‍ വടിവേല്‍ ഗോപാലും മാസി സദയാനും, സിക്കിമില്‍ നിന്നുള്ള തുല രാം ഉപ്രേതി, ഹിമാചല്‍ സ്വദേശി ജൈവകൃഷിക്കാരന്‍ നെക്രാം ശര്‍മ്മ, ഝാര്‍ഖണ്ഡില്‍ നിന്നുള്ള എഴുത്തുകാരന്‍ ജനും സിങ് സോയ്, പശ്ചിമ ബംഗാളില്‍ നിന്നുള്ള ധനിരാം ടോടോ, തെലങ്കാനയില്‍ നിന്നുള്ള ഭാഷാ വിദഗ്ദ്ധന്‍ ബി രാമകൃഷ്ണ റെഡ്ഡി, ഛത്തീസ്ഗഡിലെ അജയ് കുമാര്‍ മണ്ടവി, കര്‍ണാടകയിലെ നാടോടി നൃത്ത കലാകാരി റാണി മച്ചൈയ,മിസോറാം ഗായിക കെസി രുണ്‍രെംസാംഗി, മേഘാലയയിലെ നാടന്‍ വാദ്യ കലാകാരന്‍ റിസിങ്‌ബോര്‍ കുര്‍കലാങ്, പശ്ചിമ ബംഗാളിലെ മംഗല കാന്തി റോയ്, നാഗാലാന്റിലെ മോവ സുബോങ്, കര്‍ണാടക സ്വദേശി മുനിവെങ്കടപ്പ, ഛത്തീസ്ഗഡ് സ്വദേശി ദൊമര്‍ സിങ് കുന്‍വര്‍ തുടങ്ങിയവരും പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു                                                                          ദില്ലി: സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. ഏഴുപേര്‍ക്ക് ശൗര്യചക്രയും രണ്ട് പേര്‍ക്ക് കീര്‍ത്തിചക്രയും ഉണ്ട്. 19 പേര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരം വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റന്‍ അരുണ്‍കുമാര്‍, ക്യാപ്റ്റന്‍ ടി ആര്‍ രാകേഷ് എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു.