Monday, May 13, 2024
keralaNews

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല : പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകള്‍ ;ദിലീപ് കോടതിയില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു.പ്രോസിക്യൂഷന്‍ ഹാജരാക്കിയ രേഖകള്‍ പഴയതെന്ന് അഡ്വ. ബി. രാമന്‍പിള്ള പറഞ്ഞു. ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസനെ സ്വാധീനിച്ചെന്ന ആരോപണം കളവാണ്. ദാസനെ കണ്ടെന്ന് ആരോപിക്കുന്ന സമയത്ത് താന്‍ കോവിഡ് ബാധിതനാണെന്നും അഭിഭാഷകന്‍ പറഞ്ഞു.ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ നേരത്തെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുന്നതിനിടെയാണ് വിചാരണ കോടതിയിലെ നടപടികള്‍.